ന്യൂദൽഹി- ബാബരി മസ്ജിദ് ഭൂമിതർക്ക കേസിൽ മൂന്നംഗസമിതിയെ മധ്യസ്ഥതക്കായി സുപ്രീം കോടതി നിയോഗിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇബ്രാഹീം ഖലീഫുള്ളയാണ് സമിതിയുടെ അധ്യക്ഷൻ. ശ്രീ ശ്രീ രവി ശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരും സമിതിയിലുണ്ട്. മധ്യസ്ഥതക്ക് എട്ടാഴ്ച സമയം അനുവദിച്ചു. ഒരു മാസത്തിനകം ആദ്യറിപോർട്ട് നൽകണം. ഇതിന്റെ നടപടിക്രമങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലായിരിക്കും മധ്യസ്ഥ ചർച്ച നടക്കുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.