ദമാം- റാസല്‍ഖൈര്‍ കിംഗ് സല്മാന് മറൈന്‍ ഇന്‍ഡസ്ട്രീസ് ആന്റ് സര്‍വീസസ് കോംപ്ലക്സ് സ്വദേശികള്‍ക്ക് നേരിട്ട് 80,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്ന് ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജി. ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. കിംഗ് സല്മാന് മറൈന്‍ ഇന്‍ഡസ്ട്രീസ് ആന്റ് സര്‍വീസസ് കോംപ്ലക്സ് പദ്ധതികള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരോക്ഷമായി സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ ഇതിനു പുറമെയാണ്. കപ്പല്‍, ബോട്ട് എന്‍ജിനുകളുടെ റിപ്പയറിംഗ്, നിര്‍മാണ മേഖലയില്‍ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് കിംഗ് സല്മാന് കോംപ്ലക്സ് സഹായകമാകും. 6,000 കോടി റിയാല്‍ നിക്ഷേപത്തോടെയാണ് കോംപ്ലക്സ് പൂര്‍ത്തിയാക്കുന്നത്. മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 1,700 കോടി റിയാല്‍ കോംപ്ലക്സ് സംഭാവന ചെയ്യും. ഇറക്കുമതിയില്‍ 1,200 കോടിയോളം റിയാലിന്റെ കുറവ് വരുത്തുന്നതിനും കോംപ്ലക്സ് സഹായിക്കും. കപ്പല്‍, വാഹന നിര്‍മാണത്തിന് ആവശ്യമായ ഇരുമ്പ് ഷീറ്റുകള്‍ നിര്‍മിക്കുന്ന ഫാക്ടറി റാസല്ഖൈറില് സ്ഥാപിക്കുന്നതിനെ കുറിച്ച് ജുബൈല്‍, യാമ്പു റോയല്‍ കമ്മീഷന് പഠിക്കുന്നുണ്ട്.
ചെങ്കടലില്‍ വലിയ തോതില്‍ ഗ്യാസ് ശേഖരം കണ്ടെത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്യാസ് പര്യവേക്ഷണം ഊര്‍ജിതമാക്കുന്നതിന് സൗദി അരാംകൊക്ക് പദ്ധതിയുണ്ട്. ചെങ്കടലില്‍ എണ്ണ ശേഖരം കുറവാണ്. ചെങ്കടലില്‍ നിന്ന് എണ്ണ ഉല്പാദിപ്പിക്കുന്നതിന് ചെലവ് കൂടുതലുമാണ്. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് 1,200 മുതല്‍ 1,500 മീറ്റര്‍ വരെ താഴ്ചയിലാണ് ചെങ്കടലില്‍ എണ്ണ ശേഖരമുള്ളത്. ഇവിടെ ഒരു ബാരല്‍ എണ്ണ ഉല്പാദിപ്പിക്കുന്നതിന് 30 മുതല്‍ 40 ഡോളര്‍ വരെ ചെലവ് വരും.
ദക്ഷിണാഫ്രിക്കയില്‍ വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിന് സൗദി അറാംകൊക്ക് പദ്ധതിയുണ്ട്. വലിയ തോതില്‍ മികച്ച നിക്ഷേപാവസരങ്ങളുള്ള ആഫ്രിക്കന്‍ വന്‍കരയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോം ആയി ദക്ഷിണാഫ്രിക്കയെ ഉപയോഗപ്പെടുത്തുന്നതിനാണ് അരാംകൊ ശ്രമിക്കുന്നത്. ഉല്പാദക രാജ്യങ്ങള്‍ എണ്ണ സംസ്കരണത്തിന് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നുണ്ട്. അസംസ്കൃത എണ്ണക്ക് ബാധകമാക്കിയ മാനദണ്ഡങ്ങളുടെ ഫലമായി ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ഡോളര്‍ മുതല്‍ രണ്ടു ഡോളര്‍ വരെ വ്യത്യാസമുണ്ട്. ഇതിന് പരിഹാരം കാണുന്നതിനാണ് ഉല്പാദക രാജ്യങ്ങള്‍ എണ്ണ സംസ്കരണത്തിന് ഊന്നല്‍ നല്‍കുന്നത്. ആഗോള വിപണിയില്‍ ഡീസലിനുള്ള ആവശ്യം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ എണ്ണ വ്യവസായ പദ്ധതികളുടെ ഓഹരികള്‍ സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ സൗദി അരാംകൊ തുടരുകയാണ്. റഷ്യ, ഇന്ത്യ, പാക്കിസ്ഥാന്, ഇന്തോനേഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ അരാംകൊക്ക് മികച്ച നിക്ഷേപാവസരങ്ങളുണ്ട്. ഉപയോക്താക്കളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്നതിന് ഗ്യാസ് നേരിട്ട് വില്പന നടത്തുന്ന മേഖലയിലും അരാംകൊ പ്രവര്‍ത്തിക്കുന്നുണ്ട്. ഉല്പാദകരില് നിന്ന് ഗ്യാസ് വാങ്ങി ലാഭമെടുത്ത് ഉപയോക്താക്കള്‍ക്ക് വില്‍ക്കുകയാണ് അരാംകൊ ചെയ്യുന്നത്. ദ്രവീകൃത വാതക ഉല്പാദന മേഖലയില്‍ നേരിട്ടുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതിനു മുമ്പായി വിപണിയെ കുറിച്ച് മനസ്സിലാക്കുന്നതിനാണ് ഉല്പാദകരില് നിന്ന് ഗ്യാസ് വാങ്ങി ലാഭമെടുത്ത് ഉപയോക്താക്കള്‍ക്ക് വില്പന നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ഗ്യാസ് ഉല്പാദകരായി മാറുന്നതിനാണ് അരാംകൊ ശ്രമിക്കുന്നത്.
ഗ്യാസ് മേഖലയില്‍ നടത്തുന്ന നിക്ഷേപങ്ങളിലൂടെ ഉയര്‍ന്ന നിരക്കില്‍ ഗ്യാസ് ഇറക്കുമതി ചെയ്യുന്ന ഗള്‍ഫ് വിപണികളും മറ്റു അയല്‍ രാജ്യങ്ങളിലെ വിപണികളുമാണ് ലക്ഷ്യമിടുന്നത്. ഇതിനു ശേഷം ആഗോള തലത്തിലേക്ക് ഗ്യാസ് ഉല്പാദന, വിതരണ മേഖലയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ദക്ഷിണാഫ്രിക്കയില്‍ പെട്രോ കെമിക്കല്‍സ് ഫാക്ടറി വാങ്ങുന്നതിന് സൗദി അരാംകൊക്ക് പദ്ധതിയുണ്ടെന്നും എന്‍ജി. ഖാലിദ് അല്‍ ഫാലിഹ് വെളിപ്പെടുത്തി.