ഇസ്ലാമാബാദ്- വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ ഇസ്‌ലാമാബാദില്‍ പാക്കിസ്ഥാന്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ, പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ആദില്‍ അല്‍ജുബൈര്‍ പാക് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയത്. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, വിദേശ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, പാക് സേനാ തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ എന്നിവരുമായാണ് ആദില്‍ അല്‍ജുബൈര്‍ ചര്‍ച്ചകള്‍ നടത്തിയത്. വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ആദില്‍ മുര്‍ദാദ്, വിദേശകാര്യ സഹമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറലും സഹമന്ത്രിയുമായ ഖാലിദ് അല്‍അന്‍ഖരി, പാക്കിസ്ഥാനിലെ സൗദി അംബാസഡര്‍ നവാഫ് അല്‍മാലികി എന്നിവര്‍ കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു.
ഇന്ത്യ, പാക് സംഘര്‍ഷം ലഘൂകരിക്കുന്നതിന് സൗദി അറേബ്യ ഫലപ്രദമായ മധ്യസ്ഥശ്രമങ്ങള്‍ നടത്തിയതായി പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഘര്‍ഷം ലഘൂകരിക്കുന്നതിന് സ്വന്തം നിലക്ക് നടത്തിയ ശ്രമങ്ങള്‍ക്കു പുറമെ, പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം തുടരുന്നതില്‍ നിന്ന് ഇന്ത്യയെ തടയുന്നതിന് ശ്രമങ്ങള്‍ നടത്തുന്നതിന് യു.എ.ഇയും അമേരിക്കയും പോലെയുള്ള മറ്റു രാജ്യങ്ങളെ സൗദി അറേബ്യ പ്രേരിപ്പിച്ചതായും പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി വെളിപ്പെടുത്തിയിരുന്നു.