ലാഹോര്‍- പാക്കിസ്ഥാനില്‍ നിരോധിത സംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ ഭീകര സംഘടനയായ ജമാഅത്തുദ്ദഅവ ആസ്ഥാനം സര്‍ക്കാര്‍ പിടിച്ചെടുത്ത് പൂട്ടിച്ചു. ജമാഅത്തുദ്ദഅവയുടെ കീഴിലുള്ള ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ആസ്ഥാനവും പൂട്ടിച്ചു. മാര്‍ച്ച് അഞ്ചിനാണ് സര്‍ക്കാര്‍ ഇരു സംഘടനകളേയും നിരോധിത സംഘടനകളായി പ്രഖ്യാപിച്ചത്. ലാഹോറിലാണ് ഇവയുടെ ആസ്ഥാന്‍ പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര വകുപ്പാണ് നടപടി സ്വീകരിച്ചത്. ഇവയ്ക്കു പുറമെ നിരോധിത സംഘടനകള്‍ നടത്തി വന്നിരുന്ന നിരവധി മദ്രസകളും അടപ്പിച്ചതായി പഞ്ചാബ് ആഭ്യന്തര വകുപ്പ് അറിയിച്ചു. ദേശീയ കര്‍മ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭീകരര്‍ക്കെതിരായ ഈ നടപടി എന്നും സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്ച വരെ വിവിധയിടങ്ങളില്‍ നിന്ന് 121 പേരെ കസ്റ്റഡിയിലെടുക്കുകയും പാക്കിസ്ഥാനിലൂടനീളം 400-ഓളം കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. 182 മതപഠന കേന്ദ്രങ്ങളും 34 സ്‌കൂളുകളും കോളെജുകളും 163 ഡിസ്‌പെന്‍സറികളും 184 ആംബുലന്‍സുകളും അഞ്ച് ആശുപത്രികളും എട്ടു ഓഫീസുകളുമാണ് ഇതുവരെ സര്‍ക്കാര്‍ നിയന്ത്രണം പിടിച്ചെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രവിശ്യാ സര്‍ക്കാരുകളും വിവിധ ഏജന്‍സികളുമായും സഹകരിച്ചാണ് നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത ഉന്നത സൈനികരുടെ യോഗത്തില്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ബജ്വ രാജ്യത്തുടനീളം ജാഗ്രത പാലിക്കാന്‍ സേനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു ഭീഷണിയെ നേരിടാനും സജ്ജരാകണമെന്നും നിര്‍ദേശം നല്‍കിയതായി സൈന്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ദേശീയ കര്‍മ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും സൈന്യം വ്യക്തമാക്കി.
ജെയ്ഷ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്്ദുല്‍ റഊഫ് അസ്ഗര്‍, മകന്‍ ഹമ്മാദ് അസ്ഹര്‍ എന്നിവരുള്‍പ്പെടെ നിരോധിത സംഘടനകളിലെ 44 നേതാക്കളെ കസ്റ്റഡിയിലെടുത്തതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി ശെഹരിയാര്‍ അഫ്രീദി അറിയിച്ചിരുന്നു. അതേസമയം മസൂദ് അസ്ഹറിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല. ഇദ്ദേഹം പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്ന് നേരത്തെ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി സമ്മതിച്ചിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ജെയ്‌ഷെ മുഹമ്മദ്, ജമാഅത്തുദ്ദഅവ അടക്കമുള്ള നിരോധിത സംഘടനകള്‍ക്കെതിരെ പാക് സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയത്.