കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നവംബറിൽ പൂർത്തിയാവും
ന്യൂദൽഹി- വ്യാജ പ്രചാരണങ്ങളിലൂടെ നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ സങ്കുചിത മനോഭാവങ്ങളിലേക്ക് തള്ളിവിടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇടുങ്ങിയ ചിന്താഗതികളിലേക്കും പിന്നോട്ടുള്ള വളർച്ചയിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ തള്ളിവിടുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്യവേ സോണിയ ചൂണ്ടിക്കാട്ടി. രാജ്യത്ത് സാധാരണക്കാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങൾ വർധിച്ചു വരുന്നു. ദളിതർക്കും വനിതകൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും സോണിയ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ കുറവു വന്നത് നോട്ടു നിരോധനത്തിന്റെ അനന്തര ഫലമാണെന്ന് യോഗത്തിൽ സംബന്ധിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാമ്പത്തിക വളർച്ച താഴോട്ടാണ് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വകാര്യ മേഖലയിൽ നിക്ഷേപം ഇല്ലാതായി. പൊതുഖജനാവിൽ നിന്നുള്ള ചെലവെന്ന ഒറ്റ എൻജിനിലാണ് ഇപ്പോൾ സർക്കാർ ഓടിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക വളർച്ച രണ്ട് ശതമാനം കണ്ട് കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, എ.കെ.ആന്റണി, കെ.സി വേണുഗോപാൽ, ഗുലാം നബി ആസാദ്, ജനാർദനൻ ദ്വിവേദി, അംബികാ സോണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള സമയക്രമത്തിന് പ്രവർത്തക സമിതി യോഗം അംഗീകാരം നൽകി. ഒക്‌ടോബറോടെ രാഹുൽ കോൺഗ്രസ് അധ്യക്ഷാനായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.
സംഘടനാ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന നവംബറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിൽ പുതിയ ബുദ്ധി കേന്ദ്രം ഉടലെടുക്കുമെന്നാണ് ഇന്നലെ പ്രവർത്തക സമിതി യോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിൽ ആസാദ് വ്യക്തമാക്കിയത്. മുതിർന്ന നേതാക്കൾ അടങ്ങുന്ന ഈ നിരയായിരിക്കും പാർട്ടിയിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്നത്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുമോ എന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരുന്ന ഗുലാം നബി ആസാദ് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നവംബറിൽ അവസാനിക്കുമെന്ന് വ്യക്തമാക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ കൂടിയാലോചനകൾക്കായി മറ്റു പ്രതിപക്ഷ കക്ഷികളുടെയും കൂടി അഭിപ്രായം കണക്കിലെടുത്ത് ഉപസമിതി ഉണ്ടാക്കിയിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
മോഡി സർക്കാർ അധികാരത്തിലെത്തിയിട്ട് മൂന്നു വർഷമേ ആയിട്ടുള്ളൂ. എന്നാൽ, ഇതിനോടകം എല്ലായിടത്തും ഭിന്നത മാത്രമേ കാണുവാനുള്ളൂ. പ്രകോപനമല്ലാതെ സഹിഷ്ണുത ഒരിടത്തുമില്ല. കശ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഭയവും ആശങ്കയും നിരന്തരം വർധിക്കുന്നതല്ലാതെ സമാധാനം എങ്ങുമില്ല. നാനാത്വം എന്ന പ്രത്യേകത തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പകരം സങ്കുചിത ചിന്താഗതികൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. വിമർശന ശബ്ദങ്ങളെ ബി.ജെ.പി സർക്കാർ അടിച്ചമർത്തുകയാണ്. ഇതിനായി ഗൂഢ ശ്രമങ്ങൾ തന്നെ നടക്കുന്നു. അഴിമതികളെ ഒളിപ്പിച്ചു വെക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും സോണിയ ആരോപിച്ചു.
ഭരണപക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇന്ത്യയുടെ മൂല്യങ്ങളെ സംരക്ഷിക്കുക എന്നതാണ് 2019 തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ പ്രധാനമായും ശ്രദ്ധ ചെലുത്തേണ്ടതെന്നും സോണിയ ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിയെ പോലും കണക്കിലെടുക്കാതെയാണ് സർക്കാർ വിമർശനങ്ങളെ അടിച്ചമർത്തുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സർക്കാരിന്റെ അടുപ്പക്കാരായി കഴിയുന്നവരുടെ മാത്രം സമ്പത്ത് കുമിഞ്ഞു കൂടുന്നു. മറ്റു ചിലരാകട്ടെ നിയമത്തിന്റെ കെട്ടുകൾ തകർത്തു രാജ്യം തന്നെ വിട്ടു പോകുന്നു.
കശ്മീരിലെ സമാധാനമില്ലായ്മ സർക്കാരിന്റെ ഏറ്റവും പ്രത്യക്ഷ പരാജയങ്ങളിലൊന്നാണ്. ഇവിടെയും സർക്കാർ ഭിന്നതയുടെ തന്ത്രമാണ് പയറ്റുന്നത്. കശ്മീരിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ അവിടെ സമാധാനം പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്നും സോണിയ വ്യക്തമാക്കി.