ഗയ- ബിഹാറിലെ നവാഡ ജില്ലയില്‍ രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ ആറംഗ പോലീസ് സംഘത്തെ ഒരു സംഘമാളുകള്‍ തടഞ്ഞ് ആക്രമിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ആറു പോലീസുകാര്‍ക്കും പരിക്കേറ്റു. രണ്ടു പേരുടെ നിലഗുരുതരമാണ്. പ്രതിയുടെ വീട്ടിലേക്ക് പോയ പോലീസ് സംഘത്തെ ആദ്യം ആക്രമികള്‍ തടഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ പുഴയിലൂടെയാണ് രണ്ടാമത് പോലീസെത്തിയത്. ഇവിടെ വച്ചാണ് ആക്രമികള്‍ പോലീസിനെ മര്‍ദിച്ചത്.
പ്രതി തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിയെ തിരക്കി പോലീസ് എത്തിയത്. ഒരു കോണ്‍സ്റ്റബിലും സീനിയര്‍ പോലീസ് ഓഫീസറുമടക്കം ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഗയ സീനിയര്‍ പോലീസ് ഓഫീസര്‍ രാജീവ് കുമാര്‍ മിശ്ര പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് ആക്രമികള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.