മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ ആറു സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ്. എൻ.സി.പിക്ക് മൂന്നു സീറ്റാണ് മേഖലയിൽ ലഭിച്ചത്. മേഖലയിൽ 10 മണ്ഡലങ്ങളാണ് ഉള്ളത്. രാജു ഷെട്ടിയുടെ സ്വാഭിമാൻ പക്ഷക്ക് വാർധ നൽകും. രണ്ട് സീറ്റിനായി കോൺഗ്രസിനോടും എൻ.സി.പിയോടും ശക്തമായി വാദിക്കുകയായിരുന്നു സ്വാഭിമാൻ പക്ഷ.
നാഗ്പൂർ, ചന്ദ്രാപൂർ, യവത്മൽ വഷീം, രാംടെക്, ഗഡ്ചിരോളി എന്നിവയാണ് കോൺഗ്രസിന് കിട്ടുക. ഭണ്ഡാര ഗോണ്ടിയ, ബുൽദാന, അമരാവതി മണ്ഡലങ്ങളിൽ എൻ.സി.പി മത്സരിക്കും.
രാംടെക്കിൽ നിന്നുള്ള മുൻ ശിവസേന എം.പി സുബോധ് മോഹിതെക്ക് സ്വാഭിമാൻ പക്ഷ ടിക്കറ്റിൽ വാർധയിൽ മത്സരിക്കാൻ താൽപര്യമുണ്ട്. അടൽ ബിഹാരി വാജ്‌പേയി സർക്കാറിൽ മന്ത്രിയായിരുന്നു മോഹിതെ. 2007 ൽ ശിവസേന വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു മോഹിതെ.
പ്രകാശ് അംബേദ്കറുടെ ഭാരിപ് ബഹുജൻ മഹാസംഘത്തെ സഖ്യത്തിന്റെ ഭാഗമാക്കാൻ കോൺഗ്രസും എൻ.സി.പിയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ 48 ലോക്‌സഭാ സീറ്റുകളിൽ പന്ത്രണ്ടെണ്ണം തങ്ങൾക്കു വേണമെന്നാണ് ദളിത് നേതാവ് ആവശ്യപ്പെടുന്നത്. അവർക്ക് നാല് മുതൽ ആറ് വരെ സീറ്റ് നൽകി ഒതുക്കാനാണ് സീനിയർ പാർട്ടികൾ ശ്രമിക്കുന്നത്.
അതിൽ പകുതി എൻ.സി.പിയുടെ ക്വാട്ടയിൽ നിന്നായിരിക്കും. അകോല സീറ്റ് കോൺഗ്രസും ബി.ബി.എമ്മിന് നൽകും. എൻ.സി.പിക്ക് വിദർഭയിൽ കിട്ടിയ അമരാവതി സീറ്റും അവർക്ക് നൽകിയേക്കും. അമരാവതി സീറ്റിനായി എൻ.സി.പിയിൽ വൻ പിടിവലിയാണ് നടക്കുന്നത്. മുൻ എൻ.സി.പി എം.എൽ.എ രവികുമാർ റാണെ തന്റെ ഭാര്യ നവ്‌നീത് കൗറിനെ അമരാവതിയിൽ മത്സരിപ്പിക്കാനായി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അമരാവതി ബി.ബി.എമ്മിന് കോൺഗ്രസ്-എൻ.സി.പി സഖ്യം നൽകുകയാണെങ്കിൽ ബി.ബി.എമ്മിന്റെ ടിക്കറ്റിലായിരിക്കും കൗർ മത്സരിക്കുക. പട്ടികജാതിക്കാരിയായ നവ്‌നീത് കൗർ പഴയ നടിയാണ്. ശിവസേനയിൽ നിന്ന് കൂറുമാറിയെത്തിയ വരോറ എം.എൽ.എ ബാലു ധനോർക്കറായിരിക്കും മിക്കവാറും ചന്ദ്രാപൂരിലെ സ്ഥാനാർഥി. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കു കാരണമാണ് ധനോർക്കർ ജയിച്ചത്.