Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് കൊടി പാറിക്കാൻ വാസവൻ


കോട്ടയം - പരന്നവായനയും വിശാലമായ കാഴ്ചപ്പാടും പാർട്ടിയോടുളള വിധേയത്വവുമാണ് വി.എൻ വാസവൻ എന്ന സി.പി.എം നേതാവിന്റെ മുഖമുദ്ര. പാമ്പാടിയിൽനിന്നും പടിപടിയായുളള രാഷ്ട്രീയ ഉയർച്ചയുടെ ഗ്രാഫ്. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലാണ് കന്നി അങ്കം. സാക്ഷാൽ ഉമ്മൻ ചാണ്ടിക്കെതിരെ. ആദ്യ അങ്കം പരാജയപ്പെട്ടങ്കിലും പിന്നീട് വി.എൻ വാസവന്റെ രാഷ്ട്രീയ സൂചിക മുന്നോട്ടു കുതിക്കുകയായിരുന്നു. തിരിഞ്ഞുനോട്ടമില്ലാത്ത തിരിച്ചടിയില്ലാത്ത മുന്നേറ്റം. 2006 ൽ കോട്ടയം നിയമസഭാ സീറ്റിൽ വാസവന്റെ രണ്ടാം നിയമസഭാ അങ്കം. കോൺഗ്രസിലെ അജയ് തറയലിനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക്. 2011 ൽ തിരുവഞ്ചൂർ രാധാകൃഷ്ണനോട് പരാജയപ്പെട്ടെങ്കിലും വാസവൻ കോട്ടയത്ത് കുറിച്ചിട്ട വികസന ചിത്രങ്ങൾക്ക് മങ്ങലേറ്റിട്ടില്ല.
എം.എൽ.എ എന്ന നിലയിൽ കോട്ടയത്തിന് പുതിയ വികസന സ്വപ്‌നങ്ങൾ ഇഴചേർത്ത നേതാവായിരുന്നു വാസവൻ. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ഫ്‌ളൈ ഓവർ എന്ന ആശയത്തിന് വാസവൻ രൂപം നൽകി. ഇത് സാധ്യമാക്കാനായി വിശ്രമ രഹിതമായ നീക്കമായിരുന്നു. നഗരത്തിലേക്കുളള പ്രവേശന കവാടമായ നാഗമ്പടത്തു നിന്നും കോടിമതയിൽ അവസാനിക്കുന്ന വിധത്തിലാണ് ഫ്‌ളൈ ഓവർ വിഭാവനം ചെയ്തത്. ഇതിനായി 2007 ലെ ബജറ്റിൽ തുക വകയിരുത്തുകയും ചെയ്തു. എന്നാൽ ക്രൈസ്തവ സഭയിലെ ഒരു വിഭാഗത്തിൽനിന്നും എതിർപ്പു വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കോട്ടയത്തിന് ഗതാഗതക്കുരുക്കിന് പരിഹാരം റിംഗ് റോഡുകളിലൂടെയാണെന്നായിരുന്നു സഭയുടെ വാദം. കോട്ടയത്തിന്റെ വികസന ചിത്രത്തിൽ പുതിയ അധ്യായമാകുമായിരുന്ന ഫ്‌ളൈ ഓവർ ഇതോടെ അടഞ്ഞ അധ്യായമായി.
പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗമായാണ് വാസവന്റെ ഭരണക്കസേരയിലേക്കുളള അരങ്ങേറ്റം. പാമ്പാടി ഹൗസിംഗ് കോഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചു. കാലടി ശ്രീശങ്കര സർവകലാശാല സിൻഡിക്കേറ്റംഗമായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അവധി നൽകിയ വർഷങ്ങളിൽ സി.പി.എമ്മിന്റെ സംഘടനാ രംഗത്ത് വി.എൻ വാസവൻ സജീവമായി. സിഐടിയു ജില്ലാ പ്രസിഡന്റ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്ന നിലകളിലുളള വാസവന്റെ പ്രവർത്തനവും സംഘടനാ പാടവം വീണ്ടും അധികാര രാഷ്ട്രീയത്തിലേക്കുളള വഴി വെട്ടിത്തുറന്നു. 2015 ൽ സി.പി.എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു മൂന്നു ടേം പൂർത്തിയാക്കിയ കെ.ജെ തോമസ് സ്ഥാനമൊഴിയുന്ന വേളയിലായിരുന്നു എകകണ്ഠമായ തെരഞ്ഞെടുപ്പ്.
എഴുത്തുകാരിലെ വേറിട്ട ശബ്ദമായിരുന്ന പൊൻകുന്നം വർക്കിയുമായുളള സൗഹൃദത്തിന് അദ്ദേഹത്തിന്റെ മരണ ശേഷം പാമ്പാടിയിൽ സ്മൃതി മന്ദിരം തീർത്താണ് ശ്രദ്ധാഞ്ജലി അർപ്പിച്ചത്. പാമ്പാടി നവലോകം സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എന്ന നിലയിൽ ശ്രദ്ധേയമായ ഒട്ടേറെ സാഹിത്യ പരിപാടികൾ വി.എൻ വാസവന്റെ നേതൃത്വത്തിൽ അരങ്ങേറി. മെയ് ദിനത്തിൽ പാമ്പാടിയിൽ നടക്കുന്ന സമ്മേളനവും റാലിയും ദേശീയ നേതാക്കളുടെ സാന്നിധ്യത്താൽ രാജ്യമാകെ ശ്രദ്ധിക്കുന്ന രീതിയിലേക്ക് വളർത്താനും വാസവനു കഴിഞ്ഞു. ആതുര ശുശ്രൂഷാ രംഗത്ത് ഒരു സ്‌നേഹദൂതനാണ് വാസവൻ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിന് ഏറെ സംഭാവനകൾ നൽകിയ അദ്ദേഹം രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി സമയ പരിമിതികളില്ലാതെ സേവമനുഷ്ഠിക്കുന്നു. ആതുര സേവന രംഗത്തെ സേവനത്തിനും സംശയത്തിനും വാസവൻ എപ്പോഴും റെഡി.
2018 ൽ വി.എൻ വാസവൻ വീണ്ടും സി.പി.എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ ജില്ലയിലെ ജനകീയ മുഖമാണ് വാസവൻ. കോട്ടയത്ത് ജയിച്ചു കയറുക എന്ന ദൗത്യമാണ് വാസവന് പാർട്ടി നൽകിയിട്ടുളളത്. യു.ഡി.എഫിന്റെ കോട്ടയായ കോട്ടയത്ത് ലോക്‌സഭയിൽ സി.പി.എം വിജയം നേടിയ വിശാലമായ ചരിത്രമാണുളളത്. സുരേഷ് കുറുപ്പിന് ശേഷം സമീപകാലത്ത് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന ഏക സ്ഥാനാർഥി വാസവനാണ്. പാർട്ടിക്ക് ഈ ജില്ലാ സെക്രട്ടറിയിലുളള വിശ്വാസമാണ് ഇത് തെളിയിക്കപ്പെടുന്നത്.  മറ്റക്കരയിൽ നാരായണൻ -  കാർത്തിക ദമ്പതികളുടെ മകനായി ജനിച്ച വാസവൻ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഡി.വൈ.എഫ്.ഐ ജോയന്റ് സെക്രട്ടറി, സി.ഐ.ടി.യു സംസ്ഥാന ജോയന്റ് സെക്രട്ടറി, കോട്ടയം മെഡിക്കൽ കോേളജ് വികസന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പാമ്പാടി ഹിമഭവനിലാണ് താമസം.  സ്‌കൂൾ അധ്യാപിക ഗീതയാണ് ഭാര്യ. ഡോ.ഹിമ, ഗ്രേഷ്മ എന്നിവർ മക്കളാണ്.
 

Latest News