അഹമ്മദാബാദ്: ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള യുവനേതാവ് ഹാര്‍ദിക് പട്ടേലിനെ മുന്‍ നിര്‍ത്തി അട്ടിമറി നടത്താന്‍ കോണ്‍ഗ്രസ് ശ്രമം. ഗുജറാത്തിലെ ജാംനഗര്‍ ലോകസഭ മണ്ഡലത്തില്‍ നിന്നും ഹാര്‍ദിക് മത്സരിക്കും. മാര്‍ച്ച് 12ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹാര്‍ദിക് കോണ്‍ഗ്രസ്സ് അംഗത്വം സ്വീകരിക്കും. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജാംനഗര്‍. പാട്ടീദാര്‍ പ്രക്ഷോഭത്തിലൂടെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനെ വിറപ്പിച്ച ഹാര്‍ദിക്കിന് മുന്നില്‍ വലിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ്സ് നല്‍കിയിരിക്കുന്നത്. കേന്ദ്രത്തില്‍ യു.പി.എ അധികാരത്തില്‍ വന്നാല്‍ കേന്ദ്രമന്ത്രി പദമാണ് അതില്‍ പ്രധാനം.ഹാര്‍ദിക്ക് നിര്‍ദ്ദേശിക്കുന്ന പാട്ടീദാര്‍ വിഭാഗത്തിലെ ചിലര്‍ക്ക് സീറ്റുകള്‍ നല്‍കാനും കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാണ്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം അഹമ്മദ് പട്ടേലാണ് ഹാര്‍ദിക്കിനെ ഒപ്പം നിര്‍ത്താന്‍ അണിയറയില്‍ ചരട് വലിച്ചത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം. നിലവില്‍ മുന്‍ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ വിഭാഗം എ.എച്ച്.പിയും കോണ്‍ഗ്രസ്സിന് അനുകൂലമായ നിലപാടാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
ബി.ജെ.പി വിരുദ്ധരെ മൊത്തം ഒപ്പം നിര്‍ത്തി നേട്ടം കൊയ്യുക എന്നതാണ് ഗുജറാത്തിലെ കോണ്‍ഗ്രസ്സ് തന്ത്രം. 26 ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനത്ത് 2014 ലെ തിരഞ്ഞെടുപ്പില്‍ 26 സീറ്റും തൂത്ത് വാരിയത് ബി.ജെ.പിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും കൈവിടുകയും യു.പിയില്‍ എസ്.പി ബി.എസ്.പി സഖ്യം വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗുജറാത്ത് ബി.ജെ.പിക്ക് നിര്‍ണ്ണായകമാണ്.പ്രധാനമന്ത്രിയുടെയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്റെയും നാട്ടില്‍ കാവി പടയ്ക്ക് അടിപതറിയാല്‍ വ്യക്തിപരമായും ഇരു നേതാക്കള്‍ക്കും വന്‍ തിരിച്ചടിയാകും.