ജിദ്ദ- വെട്ടുപാറ സി.എച്ച് സെന്ററിന്റെ രണ്ടാമത് കെ.വി.എ ഗഫൂര്‍ പുരസ്‌കാരം ഫിറോസ് കുന്നംപറമ്പിലിന്. ആതുര സേവന മേഖലയില്‍ സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫിറോസിന്റെ ഇടപെടലുകളാണ് അവാര്‍ഡിനായി അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നിര്‍ധനരും നിരാലംബരുമായ രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി അവരുടെ സമീപത്തു ചെന്ന് സാമൂഹ്യ മാധ്യമങ്ങളിലുടെ സുതാര്യമായി അദ്ദേഹം നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സൗദി നാഷണല്‍ കെ.എം.സി.സി കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി, വെട്ടുപാറ സി.എച്ച് സെന്റര്‍ കണ്‍വീനര്‍ അന്‍വര്‍ വെട്ടുപാറ, പ്രസിഡന്റ് കെ.എം.എ ജബ്ബാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും പ്രസസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2019 ഏപ്രില്‍ രണ്ടാം വാരം സി.എച്ച് സെന്റര്‍ നാലാമത് വാര്‍ഷിക പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞടുത്തത്. കൊണ്ടോട്ടി മണ്ഡലം എം.എല്‍.എ ടി.വി ഇബ്രാഹിം, സൗദി നാഷണല്‍ കെ.എം.സി.സി കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി എന്നിവരും ജൂറി അംഗങ്ങളായിരുന്നു. സൗദി നാഷണല്‍ കെ.എം.സി.സി കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.വി.എ ഗഫൂര്‍ വെട്ടുപാറ സി.എച്ച് സെന്റര്‍ പ്രഥമ ചെയര്‍മാന്‍ കൂടിയായിരുന്നു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ ഗഫൂറിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഇത്തരത്തിലൊരു പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചീക്കോട് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് സലീം വാവൂര്‍, സെക്രട്ടറി ലത്തീഫ് പൊന്നാട്, കെ.വി നാസര്‍, കെ.കെ.ജബ്ബാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.