ജിദ്ദ- കാലാവധി അവസാനിച്ച് മടങ്ങുന്ന ഡോ. അഹമ്മദ് ജാവേദിന്റെ പിൻഗാമിയായി ജിദ്ദയിലെ മുൻ ഇന്ത്യൻ കോൺസൽ ജനറലും ഇപ്പോൾ സീഷെൽസിൽ ഇന്ത്യൻ ഹൈക്കമ്മീഷണറുമായ ഡോ. ഔസാഫ് സഈദിനെ സൗദിയിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു.
സൗദിയിലെ പശ്ചിമ പ്രവിശ്യയിലുള്ള ഇന്ത്യക്കാർക്ക് സുപരിചിതനായ ഔസാഫ് സഈദ് യെമനിൽ കുടുംബ വേരുകളുള്ള ഹൈദരാബാദ് സ്വദേശിയാണ്. 1989 ബാച്ച് ഐ.എഫ്.എസുകാരനായ ഇദ്ദേഹത്തിന് ജിയോളജിയിൽ ഡോക്ടറേറ്റുണ്ട്. ഏദൻ, ദോഹ, കയ്റോ, ജിദ്ദ എന്നിവിടങ്ങളിലെ സേവനത്തിനു ശേഷമാണ് സീഷെൽസിൽ ഹൈക്കമ്മീഷണറായത്. ഹജ് സേവന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന കോൺസൽ ജനറൽ എന്ന നിലയിൽ ഇന്ത്യക്കാർക്കിടയിലും സൗദികൾക്കിടയിലും പ്രശംസ നേടിയ ഈ നയതന്ത്രജ്ഞന്റെ പുതിയ നിയമനം സംബന്ധിച്ച് ഇന്നാണ് അറിയിപ്പുണ്ടായത്. ഫർഹാ സഈദാണ് പത്നി.