ന്യൂദൽഹി- ലോക്പാൽ നിയമനം സംബന്ധിച്ച് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം പത്തുദിവസത്തിനകം സമർപ്പിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേസമയം, സെലക്ഷൻ കമ്മിറ്റിയുടെ നിർദ്ദേശം പരസ്യപ്പെടുത്തണമെന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
ലോക്പാൽ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിൽ സമിതി നിയമനത്തിനുള്ള മൂന്ന് പാനൽ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് കേന്ദ്രത്തിന് സമർപ്പിച്ചതായി അറ്റോർണി ജനറൽ പറഞ്ഞു.
ലോക്പാൽ ചെയർ പേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട മൂന്ന് പേരുകൾ, ജുഡീഷ്യൽ, നോൺ ജുഡീഷ്യൽ അംഗങ്ങളായി പരിഗണിക്കേണ്ടവരുടെ പേരുകൾ എന്നിങ്ങനെയാണ് മൂന്നു പാനലുകളെന്ന് എ.ജി കെ.കെ വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി എന്നിവർ അടങ്ങിയ സമിതി ആണ് ഈ പാനലിൽ നിന്ന് ലോക്പാൽ ചെയർ പേഴ്‌സണെയും, ജുഡീഷ്യൽ നോൺ ജുഡീഷ്യൽ അംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടത്.
ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്തതിനാൽ, ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെയാണ് സമിതിയിലേക്ക് ക്ഷണിക്കുന്നതെന്നും എന്നാൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ യോഗത്തിൽ പങ്കെടുക്കാൻ തയ്യാറാകുന്നില്ലെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. പ്രത്യേക ക്ഷണിതാവ് എന്ന നിലയിലാണ് ഖാർഗെയെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.