Sorry, you need to enable JavaScript to visit this website.

അച്ഛനു ചിതയൊരുക്കാന്‍ വാങ്ങിയ കടബാധ്യത തീര്‍ക്കാനായില്ല; തമിഴ് ബാലനെ ജന്മി അടിമയാക്കി

തഞ്ചാവൂര്‍- 36,000 രൂപയുടെ കടബാധ്യതയ്ക്കു പകരമായി അടിമയാക്കി വച്ച ബാലനെ ജന്മിയില്‍ നിന്നും അധികൃതര്‍ രക്ഷിച്ചു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. ജനുവരിയില്‍ തമിഴിനാട്ടില്‍ കനത്ത നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ കൊല്ല്‌പെട്ട അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കാണ് കുട്ടിയുടെ അമ്മ ജന്മിയില്‍ നിന്നും 36,000 രൂപ കടം വാങ്ങിയിരുന്നത്. ചുഴലിക്കാറ്റില്‍ ഇവരുടെ വീടടക്കം എല്ലാ തകര്‍ന്നിരുന്നു. ജീവിതം വഴിമുട്ടിയ ഇവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ ഒരു വഴിയുമില്ലാത്തതിനെ തുടര്‍ന്ന് കടബാധ്യതയ്ക്കു പകരമായി ഒരു മകനെ ജന്മിക്കു അടിമയായി നല്‍കുകയായിരുന്നു.

അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയ ബാലനെ ജന്മി 200 ആടു മേയ്ക്കാനായി ഉപയോഗിച്ചു വരികയായിരുന്നു. കുട്ടിയെ കൊണ്ട് അടിമപ്പണി ചെയ്യിച്ച ജന്മി പി. മഹാലിംഗം എന്നയാള്‍ മുങ്ങിയിരിക്കുകയാണ്. രണ്ടു മാസമായി ഈ ബാലന്‍ രാവും പകലും ആടുകളെ നോക്കിവരികയായിരുന്നു. രാവിലെ ഒരു പാത്രം കഞ്ഞി മാത്രമാണ് നല്‍കിയിരുന്നത്. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് ഈ സംഭവം അധികൃതരെ ്അറിയിച്ചത്. തുടര്‍ന്ന്  ബാല സംരക്ഷണ വകുപ്പ് അധികൃതര്‍ എത്തി കുട്ടിയെ രക്ഷിച്ചു തഞ്ചാവൂരിലെ സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. രണ്ടു ലക്ഷം രൂപയുടെ പനരധിവാസ സഹായത്തിനു അര്‍ഹനാണ് ഈ കുട്ടിയെന്നും അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുരന്ന് സര്‍ക്കാര്‍ സഹായധനമായ രണ്ടു ലക്ഷം രൂപ അതില്‍ നിക്ഷേപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഗജ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലയില്‍ നിന്നും സമാനമായി ഇതു രണ്ടാം തവണയാണ് അടിമപ്പണിയില്‍ ഒരു കുട്ടിയെ രക്ഷിക്കുന്നത്. നേരത്തെ ചുഴലിക്കാറ്റില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് കടക്കെണിയില്‍ രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ ഒരു പിതാവ് കുട്ടിയെ വില്‍പ്പന നടത്തിയിരുന്നു. ഈ കുട്ടിയെ പിന്നീട് രക്ഷിച്ചു. ഗജ നാശവിതച്ച മേഖലകളില്‍ ഇനിയും സമാന സംഭവങ്ങള്‍ ഉണ്ടാകാമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. 

Latest News