ന്യുദല്‍ഹി- റഫാല്‍ ഇടപാടിലെ അഴിമതി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആക്രമണം ശക്തമാക്കി. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞതിനെ കണക്കറ്റു പരിഹസിച്ചാണ് രാഹുല്‍ മോഡിക്കെതിരെ തിരിഞ്ഞത്. ഈ കരാറില്‍ മോഡി ഇടപെട്ട് നടത്തിയ ക്രമക്കേട് അന്വേഷിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. മോഡിക്കെതിരെ കേസെടുക്കാനുള്ള മതിയായ തെളിവുകള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. രേഖകള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്ന് പറയുന്നു. എന്നാല്‍ 30,000 കോടിയുടെ അഴിമതി നടത്തിയ ആള്‍ക്കെതിരെ എന്തു കൊണ്ട് അന്വേഷണമില്ല?-രാഹുല്‍ ചോദിച്ചു.
Rahul Gandhi: Rafale files disappeared, it was said that an investigation should be conducted against you (media) because Rafale files disappeared; but the person who was involved in Rs 30,000 crore scam, no investigation against him? pic.twitter.com/luiuGNKzjm
— ANI (@ANI) March 7, 2019
നിങ്ങള്‍ക്കു വേണമെങ്കില്‍ ആര്‍ക്കുമെതിരെ എന്തു കുറ്റവും ചുമത്താം. എന്നാല്‍ അതല്ലൊം പ്രധാനമന്ത്രിക്കു മേലും ചുമത്തണം. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി മോഡി നടത്തിയത് ബൈപാസ് സര്‍ജറിയാണ്. പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തി എന്ന് വ്യക്തമായി എഴുതിവച്ചത് പ്രതിരോധ മന്ത്രാലയം ചുമതലപ്പെടുത്തിയ ഔദ്യോഗിത ചര്‍ച്ചാ സംഘമാണ്. ഇതു തന്നെ വ്യക്തമായ തെളിവാണ്-ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ വ്യക്തമാക്കി. റഫാല്‍ പോര്‍വിമാനം വാങ്ങല്‍ വൈകിപ്പിച്ചത് അനില്‍ അംബാനിക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു.
റഫാല്‍ അഴിമതിയുടെ ശക്തമായ തെളിവായി ദി ഹിന്ദു ദിനപത്രം പുറത്തു കൊണ്ടു വന്ന തെളിവുകള്‍ മോഷണം പോയ രേഖകളാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഈയിടെയായി എല്ലാം മോഷണം പോകുകയാണെന്ന് രാഹുല്‍ പരിഹസിച്ചു. രണ്ടു കോടി യുവജനങ്ങള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനം- കാണാതായി. 15 ലക്ഷം രൂപ ഓരോ പൗരന്റേയും അക്കൗണ്ടിലിടുമെന്ന് പറഞ്ഞിട്ട് അതും കാണാതായി. കര്‍ഷകര്‍ക്ക് ശരിയായ വില ഉറപ്പാക്കുമെന്ന് പറഞ്ഞതും കാണാതായി. സാമ്പത്തിക വളര്‍ച്ച-കാണാതായി. ഇപ്പോള്‍ റഫാല്‍ രേഖകളും കാണാതായിരിക്കുന്നു- രാഹുല്‍ പരിഹസിച്ചു.