വാഷിംഗ്ണ്‍- വ്യോമസേനയില്‍ പൈലറ്റായിരിക്കെ ബലാത്സംഗത്തിനിരയായതായി അമേരിക്കയിലെ ആദ്യ വനിതാ പൈലറ്റും സെനറ്ററുമായ മാര്‍ത്ത മാക്‌സല്ലി വെളിപ്പെടുത്തി. യു.എസ് വ്യോമസേനയില്‍ ആദ്യമായി പോര്‍ വിമാനം പറത്തിയ പൈലറ്റാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ പീഡിപ്പിച്ച വാര്‍ത്ത പുറത്തുവിട്ടത്. മാര്‍ത്ത ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്ററാണ്. പീഡനത്തിന് ഇരയാകുന്ന പലരേയും പോലെ , അന്നത്തെ സംവിധാനത്തെ വിശ്വാസമില്ലാതിരുന്നതുകൊണ്ടാണു താന്‍ പരാതിപ്പെടാതിരുന്നതെന്ന് മാര്‍ത്ത കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ അവരുടെ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും സൈന്യത്തിലെ ലൈംഗിക പീഡനം അന്വേഷിക്കുന്ന സെനറ്റിന്റെ സബ് കമ്മിറ്റി മുമ്പാകെ അവര്‍ പറഞ്ഞു.
തന്നെ പീഡിപ്പിച്ചത് ആരാണെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ധീരരായ സൈനികരെപ്പോലെയായിരുന്നില്ല താന്‍. പരാതിപ്പെട്ടില്ല, സ്വയം കുറ്റപ്പെടുത്തിയും പല ആളുകളെപ്പോലെ സംവിധാനത്തില്‍ വിശ്വാസമില്ലാതെയും കഴിഞ്ഞു. നാണക്കേടും ആശയക്കുഴപ്പവും ഉണ്ടായി. ശക്തയാണെന്നു കരുതിയിരുന്നെങ്കിലും അശക്തയാണെന്നു ബോധ്യപ്പെട്ടു- അവര്‍ പറഞ്ഞു.
വര്‍ഷങ്ങളായി താന്‍ നിശബ്ദയായിരുന്നു. എന്നാല്‍ പിന്നീടു സൈന്യത്തിലെ ഇത്തരം ആരോപണങ്ങള്‍ മറനീക്കി പുറത്തുവന്നിട്ടും കാര്യമായ പ്രതികരണമില്ലാത്തതു ചിന്തിപ്പിച്ചു. ഞാനും ഒരു ഇരയാണെന്ന കാര്യം പുറത്തുപറയണമെന്നു തോന്നി. എന്റെ അനുഭവങ്ങള്‍ പുറത്തുപറയുമ്പോള്‍ അവയെങ്ങനെ സ്വീകരിക്കപ്പെടുമെന്ന പേടിയുമുണ്ടായിരുന്നു. പല ഇരകള്‍ക്കും അനുഭവപ്പെടുന്നതുപോലെ ഈ സംവിധാനം എന്നെ പലവട്ടം ലൈംഗികമായി പീഡിപ്പിക്കുന്നതായും തോന്നി- മാര്‍ത്ത കൂട്ടിച്ചേര്‍ത്തു.
മാര്‍ത്ത മക്‌സാല്ലിക്കുണ്ടായ ദുരനുഭവത്തില്‍ വ്യോമസേന വക്താവ് ക്യാപ്റ്റന്‍ കാരി വോള്‍പ് ഖേദം പ്രകടിപ്പിച്ചു. ഇത്തരം സ്വഭാവമുള്ളവരെ സേനയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ലൈംഗിക പീഡന ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സൈന്യം പാടേ പരാജയപ്പെട്ടതായി ഇറാഖ് യുദ്ധത്തില്‍ രണ്ടു കാലുകളും നഷ്ടമായ വിരമിച്ച സൈനികന്‍ ലഫ്. കേണല്‍ ടാമി ഡക്വര്‍ത്ത് പറഞ്ഞു.