Sorry, you need to enable JavaScript to visit this website.

മുല്ലപ്പള്ളി മാറിയാൽ  വടകരയിൽ ചിത്രം മാറും

വടകര ലോക്‌സഭാ മണ്ഡലം ഇത്തവണ കടുത്ത പോരാട്ടത്തിനാണ് കാത്തിരിക്കുന്നത്. രണ്ടു തവണ തുടർച്ചയായി വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയാകില്ലെന്ന് ഉറപ്പായതോടെ ഇടതുമുന്നണിക്ക് ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. 2009 ൽ കൈവിട്ടു പോയ വടകര സീറ്റ് ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. നേരത്തെ നാലു തവണ തുടർച്ചയായി ഇടതുമുന്നണി ജയിച്ചിരുന്ന മണ്ഡലത്തിൽ മുല്ലപ്പള്ളിയുടെ വരവോടെയാണ് സീറ്റ് നഷ്ടമായത്. ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായി മറ്റാരു വന്നാലും എൽ.ഡി.എഫിന് വിജയ പ്രതീക്ഷകളുണ്ട്. മുല്ലപ്പള്ളിക്ക് പകരം വെക്കാൻ മറ്റൊരു ശക്തനായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. സ്ഥാനാർഥികളാകാൻ ഒട്ടേറെ പേരുണ്ടെങ്കിലും വിജയസാധ്യത ആർക്കെന്ന ചോദ്യമാണ് യു.ഡി.എഫിനെ കുഴക്കുന്നത്.
ഇരുമുന്നണികൾക്കും കുത്തക അവകാശപ്പെടാനില്ലാത്ത മണ്ഡലമാണ് വടകര. ദീർഘകാലം യു.ഡി.എഫിന്റെ കയ്യിലായിരുന്ന മണ്ഡലം ഇടക്കാലത്ത് കുറച്ചു കാലം എൽ.ഡി.എഫിനൊപ്പം നിന്നു. പിന്നീട് വീണ്ടും കോൺഗ്രസിനെ പിന്തുണച്ചു. ഇത്തവണ അട്ടമറിയെന്ന ആലോചന വടകരക്കാരുടെ മനസ്സിലുണ്ടോ എന്നാണ് യു.ഡി.എഫ് ആശങ്കപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രണ്ടാം വിജയം 3306 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു. സി.പി.എമ്മിലെ എൻ.എൻ. ഷംസീറിനെ പരാജയപ്പെടുത്തിയത് ശക്തമായ മൽസരത്തിനൊടുവിലാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റായതോടെയാണ് ഇത്തവണ സ്ഥാനാർഥിയാകാത്തത്. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ അന്തിമ തീരുമാനം വരേണ്ടതുണ്ട്.
കഴിഞ്ഞ നാലു പതിറ്റാണ്ടുകൾക്കിടയിൽ നടന്ന 12 പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ വടകര മണ്ഡലത്തിൽ എട്ടെണ്ണത്തിൽ കോൺഗ്രസ് സ്ഥാനാർഥികളും നാലെണ്ണത്തിൽ സി.പി.എം സ്ഥാനാർഥികളുമാണ് വിജയിച്ചത്. ദീർഘകാലം കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ വിജയരഥം തെളിച്ച മണ്ഡലമാണ് വടകര. 1971 ൽ ഉണ്ണികൃഷ്ണൻ തുടങ്ങി വെച്ച വിജയം തുടർച്ചയായ ആറ് തെരഞ്ഞെടുപ്പുകളിൽ ആവർത്തിച്ചു. രണ്ടു പതിറ്റാണ്ടു കാലം പാർലമെന്റിൽ വടകരയുടെ ശബ്ദമായിരുന്ന ഉണ്ണികൃഷ്ണൻ കേന്ദ്ര മന്ത്രിയുമായി. 1996 ലാണ് വടകരയിൽ സി.പി.എം ആദ്യമായി ജയിച്ചത്. ആ തെരഞ്ഞെടുപ്പിൽ ഒ.ഭരതൻ നേടിയ വിജയം പിന്നീട് മൂന്നു തെരഞ്ഞെടുപ്പുകളിൽ സി.പി.എം ആവർത്തിച്ചു. എ.കെ.പ്രേമജം രണ്ടു തവണയും പി.സതീദേവി ഒരിക്കലും വിജയിച്ച് പാർലമെന്റിലെത്തി. 2009 ൽ അട്ടിമറി വിജയത്തിലൂടെ മുല്ലപ്പള്ളി രാമചന്ദ്രൻ മണ്ഡലം കോൺഗ്രസിന്റെ കൈകളിൽ തിരികെയെത്തിച്ചു. മുല്ലപ്പള്ളി ഇത്തവണ മാറി നിൽക്കുമ്പോൾ അട്ടിമറികളുടെ ചരിത്രം വടകരയിൽ ആവർത്തിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും നേടിയ വോട്ടുകൾ ഏറെക്കുറെ തുല്യമായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ 43.4 ശതമാനം വോട്ടുകൾ നേടിയപ്പോൾ എ.എൻ.ഷംസീറിന് 43.1 വോട്ടുകൾ ലഭിച്ചിരുന്നു. ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത് എട്ടു ശതമാനം വോട്ടുകൾ മാത്രമാണ്. പാർലമെന്റ് മണ്ഡലത്തിന് കീഴിലുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നേടിയാണ് മുല്ലപ്പള്ളി വിജയിച്ചത്. വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലാണ് മുല്ലപ്പള്ളിക്ക് ഭൂരിപക്ഷമുണ്ടായത്. ഇടതുപക്ഷത്തിന് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് ലഭിച്ചത്. 
സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. ദാരുണമായി കൊല ചെയ്യപ്പെട്ട ടി.പി.ചന്ദ്രശേഖരൻ നേതൃത്വം നൽകിയ ആർ.എം.പിക്ക് ജനപിന്തുണയുള്ള മേഖലയായതിനാൽ ഇടതുപക്ഷത്തിന് ശത്രുക്കൾ ഏറെയാണ്. ആർ.എം.പി ഇത്തവണ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആർ.എം.പി സ്ഥാനാർഥിയായി മൽസരിച്ച ടി.പി.ചന്ദ്രശേഖന്റെ ഭാര്യ കെ.കെ.രമ 20,504 വോട്ടുകൾ നേടിയിരുന്നു. 

ഇത്തവണ ആർ.എം.പി പാർലമെന്റിലേക്ക് സ്ഥാനാർഥിയെ നിർത്തിയാൽ അത് ഇരുമുന്നണികൾക്കും ഭീഷണിയാകും. ആർ.എം.പിയുടെ പിന്തുണ നേടുന്നതിനായി യു.ഡി.എഫ് ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. 
മണ്ഡലം തിരിച്ചു പിടിക്കാൻ ഇത്തവണ ഇടതുപക്ഷത്തിന് ശക്തനായ സ്ഥാനാർഥി വേണ്ടിവരും. മുൻ എം.പി.അഡ്വ.പി.സതീദേവിയെ തന്നെ മൽസരിപ്പിക്കുന്നതിനെ കുറിച്ച് സി.പി.എം ആലോചിക്കുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർഥി ആരായിരിക്കുമെന്ന് ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപനമുണ്ടാകും. 
 

Latest News