ഡി.എം.കെയുടെ രാജ്യസഭാംഗവും കരുണാനിധിയുടെ മകളുമായ കനിമൊഴി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. തുറമുഖ നഗരമായ തൂത്തുക്കുടിയിലായിരിക്കും കനിമൊഴി പോരാട്ടത്തിന് ഇറങ്ങുക. തൂത്തുക്കുടിയിൽ മത്സരിക്കാൻ പാർട്ടിയുടെ അനുമതി തേടിയിട്ടുണ്ടെന്നും പാർട്ടി അനുവദിച്ചാൽ പ്രചാരണം ആരംഭിക്കുമെന്നും കനിമൊഴി പറഞ്ഞു. കനിമൊഴിയുടെ രാജ്യസഭാ കാലാവധി വരുന്ന ജൂണിൽ അവസാനിക്കുകയാണ്. ആദ്യമായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ദൽഹിയിൽ ഡി.എം.കെയുടെ മുഖമാണ് കനിമൊഴി.
തൂത്തുക്കുടിയിൽ ഏറെക്കാലമായി കനിമൊഴി നോട്ടമിട്ടിട്ടുണ്ട്. തന്റെ എം.പി ഫണ്ടിൽ അധികവും അവർ ചെലവിട്ടത് ഈ മണ്ഡലത്തിലാണ്. നാടാർ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് ഇത്. കനിമൊഴിയുടെ അമ്മ രാജാത്തി നാടാർ സമുദായക്കാരിയാണ്.
തൂത്തുക്കുടിയിൽ കനിമൊഴി ജയിക്കുമെന്നും അടുത്ത മന്ത്രിസഭാ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുമെന്നും തൂത്തുക്കുടിയിലെ ഡി.എം.കെ നേതാവ് അനിതാ രാധാകൃഷ്ണൻ പറഞ്ഞു.
തൂത്തുക്കുടിയിൽ മത്സരിക്കാൻ ഡി.എം.കെയിൽ ഒരുപാട് പേർ കച്ചമുറുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കനിമൊഴി രംഗത്തു വന്നത് പാർട്ടിക്ക് ആശ്വാസം പകർന്നിട്ടുണ്ട്.
തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ ഭരണ വിരുദ്ധ വികാരം അലയടിക്കുകയാണ്. സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭം തീരദേശങ്ങളിൽ ജനവികാരം ഇളക്കിവിട്ടിട്ടുണ്ട്. കഴിഞ്ഞ മേയിൽ പോലീസ് നടപടിയിൽ ഇവിടെ 13 പേർ കൊല്ലപ്പെട്ടിരുന്നു.
ഡി.എം.കെയും കോൺഗ്രസും ഇത്തവണ ഒരുമിച്ചു മത്സരിക്കുമെന്നാണ് പ്രതീക്ഷ. ദളിത് പാർട്ടിയായ വിടുതലൈ ചിരുതൈകൾ കച്ചിയുമായും സി.പി.ഐയുമായും ഡി.എം.കെ സഖ്യമുണ്ടാക്കി. എസ്.ആർ.എം യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ ടി.ആർ. പച്ചമുത്തു രൂപീകരിച്ച ഇന്ത്യ ജനനായക കച്ചിക്കും ഒരു സീറ്റ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ മുന്നണിയിലായിരുന്നു ഐ.ജെ.കെ. പാട്ടാളി മക്കൾ കച്ചിയെ ഈ മുന്നണിയിലെടുത്തതോടെയാണ് അവർ കൂടുമാറിയത്.