Sorry, you need to enable JavaScript to visit this website.

സംശയകരമായ ഇടപാടുകളെ കുറിച്ച്  ബാങ്കുകൾ അറിയിക്കണമെന്ന് സാമ

റിയാദ് - ഉടമകളുടെ വരുമാനവും വേതനവുമായും ഒത്തുപോകാത്ത നിലക്കുള്ള ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകളെ കുറിച്ച് ദേശീയ സുരക്ഷാ ഏജൻസിക്കു കീഴിലെ ധന കുറ്റാന്വേഷണ വിഭാഗത്തെ അറിയിക്കണമെന്ന് രാജ്യത്തെ ബാങ്കുകളോടും എ, ബി വിഭാഗം മണി എക്‌സ്‌ചേഞ്ചുകളോടും കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) ആവശ്യപ്പെട്ടു.
പണം വെളുപ്പിക്കലും ഭീകരതക്കുള്ള സാമ്പത്തിക സഹായവും ചെറുക്കുന്നതിനുള്ള നിയമ വ്യവസ്ഥകൾ അനുശാസിക്കുന്നതു പ്രകാരം സംശയകരമായ ഇടപാടുകളെ കുറിച്ച് ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും ഉടനടി അറിയിക്കുകയും ഉപയോക്താക്കളുടെ ഇടപാടുകൾ തുടർച്ചയായി നിരീക്ഷിക്കുകയും വേണമെന്ന് സാമ ആവശ്യപ്പെട്ടു. ചില വ്യാപാര മേഖലകളിൽ അനധികൃതമായി വിദേശികൾ ആധിപത്യം സ്ഥാപിച്ച പ്രവണത ഇല്ലാതാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് അഞ്ചു വർഷം മുമ്പ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. വിദേശികളുടെ അക്കൗണ്ടുകളിലെ ഇടപാടുകൾ നിരീക്ഷിക്കുന്നതിന് ബാങ്കുകളെ സാമ നിർബന്ധിക്കണമെന്നും ഉടമകളുടെ വരുമാനവും വേതനവുമായും ഒത്തുപോകാത്ത നിലക്കുള്ള ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകളെ കുറിച്ച് ബാങ്കുകൾ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും മന്ത്രിസഭാ തീരുമാനം അനുശാസിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സാമ നേരത്തെ നൽകിയ നിർദേശങ്ങളുടെ തുടർച്ചയാണ് ബാങ്കുകൾക്കും മണി എക്‌സ്‌ചേഞ്ചുകൾക്കും വിതരണം ചെയ്ത പുതിയ സർക്കുലർ. 

 

Latest News