റിയാദ് - ഫുഡ് സപ്ലിമെന്റുകളിലെ ഉപയോഗ കാലാവധി തിരുത്തിയ മൂന്നു മൊത്ത വിതരണ സ്ഥാപനങ്ങൾ വാണിജ്യ, നിക്ഷേപ മന്ത്രാലയവും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും ചേർന്ന് അടപ്പിച്ചു.
റിയാദിലും ജിദ്ദയിലും ദമാമിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് അടപ്പിച്ചത്. ഉപയോഗ കാലാവധി തിരുത്തിയ ഫുഡ് സപ്ലിമെന്റുകൾ ഫാർമസികൾക്ക് മൊത്തമായി വിതരണം നടത്തുകയാണ് സ്ഥാപനങ്ങൾ ചെയ്തിരുന്നത്. ഈ സ്ഥാപനങ്ങൾ വിദേശികൾ ബിനാമിയായി നടത്തുന്നതാണെന്നും സംശയമുണ്ട്.
റിയാദിലെയും ജിദ്ദയിലെയും ദമാമിലെയും സ്ഥാപനങ്ങൾ ഫുഡ് സപ്ലിമെന്റുകളിലെ ഉപയോഗ കാലാവധി തിരുത്തുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് മൂന്നു നഗരങ്ങളിലെയും സ്ഥാപനങ്ങൾ ഒരേസമയം അധികൃതർ റെയ്ഡ് ചെയ്യുകയും നാലായിരം പേക്കറ്റ് ഫുഡ് സപ്ലിമെന്റുകളും ഉപയോഗ കാലാവധി തിരുത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപന ഉടമകളെയും നടത്തിപ്പുകാരെയും വാണിജ്യ, നിക്ഷേപ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.
വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും. വ്യാജവും ആരോഗ്യത്തിന് ഹാനികരമോ നിരോധിക്കപ്പെട്ടതോ ആയതുമായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിൽപനക്ക് പ്രദർശിപ്പിക്കുന്നവർക്ക് പത്തു വർഷം വരെ തടവും ഒരു കോടി റിയാൽ വരെ പിഴയും ശിക്ഷ നൽകുന്നതിന് ഭക്ഷ്യവസ്തു, കാലിത്തീറ്റ നിയമം അനുശാസിക്കുന്നുണ്ട്. വാണിജ്യ വഞ്ചനകളെ കുറിച്ച് കംപ്ലയിന്റ്‌സ് സെന്ററിൽ 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായ മെഡിക്കൽ ഉൽപന്നങ്ങളെ കുറിച്ച് 19999 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും ആവശ്യപ്പെട്ടു.