Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതികളുടെ വിരലടയാളമെടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ അത്യാധുനിക സ്കാനര്‍

കോഴിക്കോട് - ക്രിമിനലുകളുടെ വിരലടയാള ശേഖരണത്തിനായി സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍  ഓട്ടോമേറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്‍റിഫിക്കേഷന്‍ മെഷീനുകള്‍ (എ എഫ് ഐ എസ്) സ്ഥാപിച്ചു.
 
ആദ്യ ഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ അഞ്ഞൂറോളം പോലീസ് സ്‌റ്റേഷനുകളിലാണ് ആധുനിക സംവിധാനമുള്ള മെഷീന്‍ കഴിഞ്ഞ ആഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഹൈ റെസലൂഷന്‍ ഫിംഗര്‍ പ്രിന്‍റ് സ്കാനറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി മിനി സ്കാനറില്‍ വിരല്‍ അമര്‍ത്തിയാല്‍ ഇയാളുടെ ക്രിമിനല്‍ ചരിത്രം,  മുന്‍പത്തെ കേസുകള്‍, രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്നിവയൊക്കെ സ്ക്രീനില്‍ വ്യക്തമാകും. വിരലിനു പുറമെ കൈപ്പത്തിയുടെ വിശദാംശങ്ങളും സ്കാനറില്‍ ശേഖരിക്കുന്നുണ്ട്.
 
കൊലപാതകം തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങള്‍ നടന്നാല്‍ സംഭവ സ്ഥലത്തെ വിരലടയാളവും കൈപ്പത്തി അടയാളവും അടക്കം ശേഖരിച്ച് മിനിട്ടുകള്‍ക്കകം ഫിംഗര്‍ പ്രിന്‍റ് ബ്യൂറോകളിലേതുമായി ഒത്തുനോക്കാനാവും. ഇത് അന്വേഷണത്തിന് വേഗം കൂട്ടും. മുന്‍പ് ക്രിമിനലുകള്‍ അല്ലാത്തവര്‍ അറസ്റ്റിലായാല്‍ അവരുടെ വിവരങ്ങള്‍ കൂടി ഈ സംവിധാനത്തിലേക്ക് മാറ്റാന്‍ കഴിയും. സിഡാക്കാണ് മെഷീനുകള്‍ പോലീസ് സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തന ക്ഷമമാക്കിയത്.

ജപ്പാന്‍ നിര്‍മിത സ്കാനറുകളാണ് ഇപ്പോള്‍ സ്‌റ്റേഷനുകളില്‍ എത്തിച്ചിരിക്കുന്നത് യുഎസ്. ഫെഡറല്‍ ബ്യൂറോ  ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (എഫ്ബിഐ) അംഗീകാരം നല്‍കിയ  സ്വകാര്യ കമ്പനിയാണ്. സംസ്ഥാനത്തെ 20 ഫിംഗര്‍ പ്രിന്‍റ് ബ്യൂറോകളെയും കണക്ട് ചെയ്യുന്ന രീതിയിലാണ് ഈ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ നേതൃത്വത്തിലാണ് ക്രിമിനലുകളുടെ വിവരശേഖരണം നടന്നത്. സ്കാനര്‍ കംപ്യൂട്ടറിലേക്ക് ഘടിപ്പിച്ചാണ് വിവരങ്ങള്‍ കൈമാറുക. അപ്പോള്‍ തന്നെ തിരുവനന്തപുരത്ത് ഹെഡ് ഓഫീസില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. സ്ക്രീനില്‍ പ്രതിയുടെ ചരിത്രം തെളിയുകയും ചെയ്യും.

എകദേശം 1,20,000 ത്തോളം ക്രിമിനലുകളുടെ വിവരങ്ങള്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ശേഖരിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും സംഭവിക്കുന്ന കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണം കാര്യക്ഷമമാക്കാന്‍ പുതിയ സംവിധാനം വഴി കഴിയും. തെളിയാത്ത കേസുകളും ഇതുവഴി തെളിയിക്കാന്‍ കഴിയും. ദേശീയ തലത്തില്‍ തന്നെ ക്രിമിനലുകളുടെ വിവര ശേഖരണം നടത്താനും ലഭിച്ച വിവരങ്ങള്‍ പരസ്പരം  കൈമാറാനും കഴിയും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കോഴിക്കോട് ജില്ലയില്‍ നടക്കാവ്, കസബ ഉള്‍പ്പെടെയുള്ള സ്‌റ്റേഷനുകളില്‍ മെഷീന്‍ സ്ഥാപിച്ചുകഴിഞ്ഞു.

കോഴിക്കോട് റൂറല്‍ പോലീസ് ജില്ലാ പരിധിയിലാണ് കഴിഞ്ഞ ആഴ്ച മുതല്‍ പുതിയ സംവിധാനം തുടങ്ങിയത്. എറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്‌റ്റേഷന്‍ പരിധിയിലാണ് ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

 

Latest News