Sorry, you need to enable JavaScript to visit this website.

ഗാസയിലെ യുദ്ധക്കുറ്റം; ഇസ്രായില്‍ നിലപാടിനെ അപലപിച്ച് യു.എന്‍

ന്യൂയോര്‍ക്ക്- ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തിയ കിരാതമായ ആക്രമണങ്ങളെ കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ട് പരിശോധിക്കുക പോലും ചെയ്യാതെ ഉടന്‍ തള്ളിക്കളഞ്ഞ ഇസ്രായില്‍ പ്രവൃത്തി പ്രതിഷേധാര്‍ഹമാണെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്‌ലെറ്റ് പറഞ്ഞു. ഗാസക്കെതിരെ ഇസ്രായില്‍ തുടരുന്ന ഉപരോധം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് അത് ഉയര്‍ത്തിയ ഗുരുതരമായ പ്രശ്‌നങ്ങളില്‍ ഒന്നു പോലും പരിഗണിക്കാതെ ഇസ്രായില്‍ തള്ളിയത്. ഗാസ-ഇസ്രായില്‍ അതിര്‍ത്തിയില്‍ പ്രതിവാര പ്രതിഷേധ പ്രകടനം നടത്തുന്ന ഫലസ്തീനികള്‍ക്കു നേരെ ഇസ്രായിലന്റെ ഭാഗത്തുനിന്ന് യുദ്ധക്കുറ്റമുണ്ടായെന്നും മാനവികതക്കെതിരായ കുറ്റകൃത്യങ്ങളാണിതെന്നും യു.എന്‍ വിദഗ്ധര്‍ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. 189 ഫലസ്തീനികളുടെ മരണമാണ് വിദഗ്ധര്‍ പരിശോധിച്ചത്. കുട്ടികളേയും ആരോഗ്യ പ്രവര്‍ത്തകരേയും മാധ്യമ പ്രവര്‍ത്തകരേയുമാണ് ഇസ്രായില്‍ ഒളിഞ്ഞുനിന്ന് വെടിവെച്ചു കൊന്നത്. കുട്ടികളും ആരോഗ്യ പ്രവര്‍ത്തകരുമാണെന്ന് അറിഞ്ഞു കൊണ്ടായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫല്‌സതീന്‍ പ്രതിഷേധം തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികം നടക്കുന്ന മാര്‍ച്ച് 30 അടുത്തുവരവേ ബന്ധപ്പെട്ട എല്ലാവരും സംയമനം പുലര്‍ത്തണമെന്ന് മിഷേല്‍ ബാച്‌ലെറ്റ് പറഞ്ഞു.
ഇസ്രായിലിനെതിരായ റിപ്പോര്‍ട്ടായിരിക്കുമെന്ന് കുറ്റപ്പെടുത്തിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളിയത്. സ്വയം പ്രതിരോധത്തിനു വേണ്ടിയും നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനു വേണ്ടിയും മാത്രമാണ് നിറയൊഴിച്ചതെന്നാണ് ഇസ്രായില്‍ വിശദീകരണം.
വരുമാനം, സമ്പത്ത്, അവസരങ്ങള്‍, നീതി തുടങ്ങിയ കാര്യങ്ങളില്‍ ലോകത്ത് തുടരുന്ന അസമത്വം വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് അവര്‍ പറഞ്ഞു. ഈയടുത്ത മാസങ്ങളില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. സുഡാന്‍, ഹെയ്ത്തി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടി. യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മിഷേല്‍ ബാച്‌ലെറ്റ്. വിവിധ രാജ്യങ്ങളില്‍ തുടരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും അവര്‍ മുന്നറിയിപ്പ് നല്‍കി. അസമത്വത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ ബലം പ്രയോഗിച്ച് നേരിടുകയാണെന്നും തടങ്കലിലിടുകയാണെന്നും അന്യായമായി കൊലപ്പെടുത്തകയാണെന്നും യു.എന്‍ മനുഷ്യാവകാശ മേധാവി ചൂണ്ടിക്കാട്ടി. സുഡാനില്‍ മോശം സാമ്പത്തിക സ്ഥിതിക്കെതിരെയും മോശം ഭരണത്തിനെതിരെയുമാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. സുരക്ഷാ സേന അവരെ അടിച്ചമര്‍ത്തുകയാണ്. സിവില്‍, പൗരാവകാശ ലംഘനങ്ങള്‍ എങ്ങനെ അസമത്വത്തിനു കാരണമാകുമെന്നും സാമ്പത്തിക സ്ഥിതി മോശമാക്കുമെന്നും വെനിസ്വേല തെളിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

 

Latest News