പ്രധാന മന്ത്രി നരേന്ദ്ര മോഡി അവസാന മൻ കീ ബാത്ത് നടത്തുമ്പോഴത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോൾ. അത് കഴിഞ്ഞാണ് ഫുൽവാമയിൽ ഭീകരാക്രമണമുണ്ടായി നിരവധി ധീര ജവാൻമാർ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ വ്യോമസേന ബാലാകോട്ടിൽ ഭീകര ക്യാമ്പ് തകർത്തത് മുതലിങ്ങോട്ട് സംഘർഷാവസ്ഥ രൂപപ്പെടുകയായിരുന്നു. ഏഷ്യയിലെ രണ്ട് ആണവ ശക്തികൾ ഏറ്റുമുട്ടുമെന്ന സ്ഥിതി വരെയുണ്ടായി. ഇന്ത്യയുടെ വിംഗ് കമാണ്ടർ അഭിനന്ദൻ വർധമാനിനെ
ശത്രു രാജ്യം തിരിച്ചയച്ചതോടെ മഞ്ഞുരുകി തുടങ്ങി. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സർവീസ് നടത്തുന്ന സംഝോഥ എക്‌സ്പ്രസ് പുനരാരംഭിക്കുകയും ചെയ്തു. ദേശീയ തലത്തിൽ ശ്രദ്ധേമായ ഈ സംഭവങ്ങളുണ്ടായപ്പോൾ എല്ലാവരും ശ്രദ്ധിച്ചത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും പ്രിയങ്കയും പ്രകടിപ്പിച്ച പക്വതയാർന്ന സമീപനങ്ങളിലേക്കാണ്. അമിത് ഷായെ എടുത്തിട്ട് ഞങ്ങളുടെ അഭിനന്ദിനെ വിട്ടു തരൂ എന്ന ട്രോൾ മാത്രം മതി ഇന്ത്യയിലെ കോടിക്കണക്കിന് യുവാക്കളെ സ്വാധീനിക്കാൻ. അതിർത്തിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാർട്ടിയുടെ പരിപാടികൾ റദ്ദാക്കുകയാണ് രാഹുൽ ചെയ്തത്. കേന്ദ്ര സർക്കാരിന് പ്രതിപക്ഷ പാർട്ടികൾ സമ്പൂർണ പിന്തുണയുമേകി. കോൺഗ്രസ് പ്രസിഡന്റിന്റെ മികച്ച പെർഫോമൻസാണ് ഈ നാളുകളിൽ കാണാനായത്.
രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ലോക്‌സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ഉത്സാഹത്തിലാണ് ഏവരും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഉത്തർ പ്രദേശ്. എന്തുവില കൊടുത്തും കോൺഗ്രസിന് മികച്ച മുന്നേറ്റമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി യുപിയിൽ സജീവമായത്. ഘടകകക്ഷികളെ ഒപ്പം കൂട്ടുകയാണ് കോൺഗ്രസ്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് തന്ത്രങ്ങൾ മെനഞ്ഞത്. ഇതിന്റെ ഭാഗമായി എസ്പിയും ബിഎസ്പിയും ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ് മൽസരിക്കരുത് എന്നു നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ നിലപാടുകളിൽ മാറ്റം വരുത്തി. എസ്പി-ബിഎസ്പി സഖ്യത്തിന്റെ മൽസരവും വിജയസാധ്യതയും കോൺഗ്രസ് കാര്യമാക്കുന്നില്ല. മുഴുവൻ സീറ്റിലും കോൺഗ്രസും ഒപ്പമുള്ള ചെറിയ കക്ഷികളും മൽസരിക്കാനാണ് സാധ്യത.
മൂന്ന് പാർട്ടികളുമായി സഖ്യമുണ്ടാക്കിയാവും മത്സരം. കോൺഗ്രസും കൂടെ നിൽക്കുന്ന പാർട്ടികളും യുപിയിലെ 80 സീറ്റിലും മൽസരിക്കും. മുഴുവൻ ശക്തിയും പ്രയോഗിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കാനാണ് തീരുമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി അടുത്തിടെ ലഖ്‌നൗവിൽ സന്ദർശനത്തിന് എത്തിയപ്പോൾ പറഞ്ഞിരുന്നു. നേരത്തെ സ്വന്തം പാർട്ടിയിൽപ്പെട്ടവർക്ക് മാത്രം ടിക്കറ്റ് നൽകിയാൽ മതി എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ജയസാധ്യതയുള്ള ഏത് നേതാക്കളെയും മൽസരിപ്പിക്കാമെന്നാണ് പുതിയ നിലപാട്.
മറ്റു പാർട്ടികളിൽ നിന്ന് വരുന്നവർക്ക് ടിക്കറ്റ് കൊടുക്കുന്നത് പഴയ കോൺഗ്രസ് പ്രവർത്തകരിൽ ആശങ്കയുണ്ടാക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് ഭയമുണ്ട്. എന്നാൽ ജയസാധ്യതയുള്ള നേതാവാണ് മറ്റു പാർട്ടിയിൽ നിന്ന് വരുന്നതെങ്കിൽ ആ വ്യക്തിക്ക് സീറ്റ് നൽകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ബിജെപി എംപി സാവിത്രി ഭായ് ഫുലെ, മുൻ എംപി ഖൈസർ ജഹാൻ, രാകേഷ് സച്ചൻ, അവതാർ സിങ് ബധാന, രാം ലാൽ റാഹി എന്നിവരെല്ലാം കഴിഞ്ഞദിവസം കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. ഇവരെല്ലാം പ്രമുഖരായ നേതാക്കളുമാണ്. ബിജെപിയിലും ബിഎസ്പിയിലും പ്രധാന പദവികൾ വഹിച്ചിരുന്നവരുമാണ്.
2009ൽ കോൺഗ്രസിന് 21 സീറ്റ് ലഭിച്ചിരുന്നു. അന്നത്തെ കോൺഗ്രസ് എംപിമാരിൽ മിക്കവരെയും ഇത്തവണ മൽസരിപ്പിക്കും. പ്രിയങ്കാ ഗാന്ധി മൽസരിക്കണമെന്ന ആവശ്യം അണികളിൽ ശക്തമാണ്. എന്നാൽ മൽസരിക്കാനില്ലെന്ന് പ്രിയങ്ക അറിയിച്ചിട്ടുണ്ട്. 60നും 65നുമിടയിൽ സീറ്റുകളിൽ കോൺഗ്രസ് മൽസരിക്കും. ബാക്കി സീറ്റുകൾ സഖ്യകക്ഷികൾക്ക് വിട്ടുകൊടുക്കും. ഒരു പാർട്ടി കോൺഗ്രസിൽ ലയിച്ചിട്ടുണ്ട്. രണ്ടുപാർട്ടികൾ കോൺഗ്രസിനൊപ്പം ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മഹാൻ ദൾ എന്ന പാർട്ടിയാണ് കോൺഗ്രസിൽ ലയിച്ചത്. പിന്നാക്ക വിഭാഗക്കാർക്കിടയിൽ സ്വാധീനമുള്ള പാർട്ടിയാണിത്. ഇവർക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ മഹാൻ ദൾ നേതാക്കൾ മൽസരിക്കും.പീസ് പാർട്ടി ഉടൻ കോൺഗ്രസ് സഖ്യം പ്രഖ്യാപിക്കുമെന്നാണ് വിവരം. ശിവപാൽ യാദവിന്റെ പ്രഗതിശീൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസിനൊപ്പം നിൽക്കും.
പശ്ചിമ ബംഗാളിലെ സഖ്യ ധാരണക്ക് പിന്നാലെ തമിഴ്‌നാട്ടിലും സി.പി.എം കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി. തമിഴ്‌നാട്ടിൽ ഡിഎംകെ -കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി സിപിഎം മത്സരിക്കും. ചെന്നൈയിൽ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനുമായി സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മറ്റൊരു ഇടത് പാർട്ടിയായ സിപിഐയും സഖ്യത്തിന്റെ ഭാഗമാണ്. സഖ്യത്തിൽ ഒരു സീറ്റ് മുസ്ലിം ലീഗിനും നൽകിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ കൂടി സിപിഎം കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായതോടെ ഫലത്തിൽ നേരിട്ടും അല്ലാതെയും അഞ്ച് സംസ്ഥാനങ്ങളിൽ സിപിഎം-കോൺഗ്രസ് ധാരണയായി. ബംഗാളിൽ ആറ് സീറ്റിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന നിർദ്ദേശം വെച്ച സിപിഎം, കോൺഗ്രസുമായുള്ള ധാരണാ ചർച്ച പരസ്യമായി തുടങ്ങിവെച്ചിട്ടുണ്ട്. ഇതിനു പുറമെ മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപിയോടും ബീഹാറിൽ ആർജെഡിയോടും സിപിഎം ചോദിച്ചു വാങ്ങി.
ആന്ധ്രയിൽ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു ദൗത്യത്തിലാണ്. ആന്ധ്രയിൽ ഇത്തവണ വൈ.എസ്.ആർ കോൺഗ്രസ് ആധിപത്യമാണ് പുറത്ത് വന്ന മിക്ക സർവേകളും പ്രവചിക്കുന്നത്.
കേന്ദ്രത്തിൽ തൂക്കുസഭ ഉണ്ടായാൽ പ്രാദേശിക പാർട്ടികളുടെ സഹായം സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്കും കോൺഗ്രസ്സിനും അനിവാര്യമാണ്. വിഭജനത്തിനു ശേഷം തെലങ്കാനയിൽ നിന്നും 17 സീറ്റുകളും ആന്ധ്രയിൽ നിന്നും 25 സീറ്റുകളുമാണ് ലോക്‌സഭയിലുള്ളത്. ഇരു സംസ്ഥാനത്തും കോൺഗ്രസ്സ് ഇത്തവണ ഒറ്റക്കാണ് മത്സരിക്കുന്നത്.
വൈ.എസ്.ആർ കോൺഗ്രസ്സിനെ കേന്ദ്രത്തിൽ യു.പി.എക്ക് ഒപ്പം നിർത്തുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഉമ്മൻചാണ്ടി കരുക്കൾ നീക്കുന്നത്.
ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം ഉണർന്നു പ്രവർത്തിക്കുന്നുവെന്ന് പറയാം. എന്നാൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കർണാടകയിലെ കാര്യങ്ങൾ അത്ര തന്നെ തൃപ്തികരമല്ല. കോൺഗ്രസിന്റെ എത്ര എം.എൽ.എമാർ ഒപ്പമുണ്ടാവുമെന്ന് ഉറപ്പ് പറയാനാവാത്ത സ്ഥിതിയാണ്. മാത്രവുമല്ല, കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ നില കൂടുതൽ പരുങ്ങലിൽ ആണ്. മാണ്ഡ്യ സീറ്റുമായി ബന്ധപ്പെട്ട തർക്കമാണ് കോൺഗ്രസ്-ജെഡിഎസ് ബന്ധത്തിലെ പുതിയ കല്ലുകടി.
മാണ്ഡ്യയിൽ മത്സരിക്കാൻ ഒറ്റക്കാലിൽ നിൽക്കുകയാണ് അന്തരിച്ച കോൺഗ്രസ് നേതാവിന്റെ ഭാര്യയും നടിയുമായ സുമലത. എന്നാൽ മാണ്ഡ്യ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല എന്ന നിലപാടിലാണ് ജെഡിഎസ്. അംബരീഷിന്റെ മരണത്തിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് സുമലത രംഗപ്രവേശം ചെയ്തത്. തുടക്കം മുതൽ മാണ്ഡ്യയിലാണ് സുമലതയുടെ നോട്ടം. മാണ്ഡ്യയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സുമലത മണ്ഡലത്തിൽ പ്രചാരണവും തുടങ്ങി. അംബരീഷിന് വലിയ സ്വാധീനമുളള മാണ്ഡ്യയിൽ സുമലതയ്ക്ക് വലിയ സ്വീകരണവും പിന്തുണയുമാണ് ലഭിക്കുന്നത്. ദേവഗൗഡ കുടുംബത്തിലെ ഒരാൾ തന്നെ വേണം മാണ്ഡ്യയിൽ മത്സരിക്കാൻ എന്നാണ് എച്ച് ഡി ദേവഗൗഡയും കുമാരസ്വാമിയും കരുതുന്നത്. ഇതെല്ലാം കണ്ട് ഒരാൾ സ്വകാര്യമായി ചിരിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ഒറ്റ വ്യോമാക്രമണത്തിലൂടെ കർണാടകയിൽ 22 ലോക്‌സഭാ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായെന്ന് തുറന്ന് പറഞ്ഞ യെദ്യൂരപ്പ സാർ.