തലശ്ശേരി- തങ്ങളെ മുസ്‌ലിം ലീഗിൽനിന്ന് പുറത്താക്കിയത് മണ്ഡലം പ്രസിഡന്റ് എ.കെ അബൂട്ടി ഹാജിയുടെ വ്യക്തിവിരോധം തീർക്കാനാണെന്ന് സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്ത നേതാക്കളായ എ.കെ.മുസ്തഫയും, പി.നൗഷാദും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തലശ്ശേരിയിൽ നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ഉരുൾപൊട്ടലിന്റെ പരിണത ഫലമായിട്ടാണ് ഈ പുറത്താക്കൽ നടപടി. വ്യക്തിപരമായ വിരോധം അധികാര കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ചില ആളുകളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് ഇവർ പറഞ്ഞു. ഇതോടെ തലശ്ശേരി ലീഗിൽ രൂപം കൊണ്ട പൊട്ടിത്തെറി തെരുവിലേക്കെത്തും. വാട്ട്‌സ്ആപ്പിൽ നീല ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ തലശ്ശേരി മണ്ഡലം മുസ്ലിം ലീഗിൽ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നും അടുത്ത ദിവസം തന്നെ വിമത വിഭാഗം വാർത്താ സമ്മേളനം വിളിച്ച് നേതൃത്വത്തിന്റെ തെറ്റായ നടപടി പൊതുജനമധ്യത്തിൽ അറിയിക്കുമെന്ന് മലയാളം ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
മണ്ഡലം കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉൾപാർട്ടി ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചവരെ ഒന്നടങ്കം മാറ്റി നിർത്തുകയും ഒരു പറ്റം ആളുകളുടെ കൈയ്യിലേക്ക് മുസ്ലിം ലീഗ് പ്രവർത്തനത്തെ വരുതിയിലാക്കുകയും ചെയ്യുകയാണ.് മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഒരു കൂട്ടം പാർട്ടി പ്രവർത്തകർ നടത്തിയിട്ടുണ്ട്. അവരെ നിർവീര്യമാക്കുവാനും അതിന് നേതൃത്വം കൊടുത്തവർ എന്ന പേരിൽ രണ്ടുപേരെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. ഐ.എൻ.എൽ നേതാവിന്റെ തലശ്ശേരി പഴയ ബസ്സ് സ്റ്റാന്റിലെ പ്രസംഗവുമായി ബന്ധപ്പെട്ട് തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ.കെ.അബൂട്ടി ഹാജിക്കെതിരെ വന്ന ആരോപണങ്ങൾ സോഷ്യൽ മീഡിയയിലൂടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്തതിന് എതിരെ അദ്ദേഹം കണ്ണൂർ ജില്ല മുസ്ലിം ലീഗിന് പരാതി കൊടുത്തിരുന്നു.
ഇത് ജില്ലാ കമ്മിറ്റി പരിശോധിക്കുകയും തുടർ നടപടിയായി തലശ്ശേരിയിലെ വിഷയങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഒരു സബ്ബ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഈ തീരുമാനം നടപ്പിലാക്കാൻ വിമുഖത കാട്ടുകയും നീട്ടിക്കൊണ്ട് പോവുകയും ചെയ്യവെയാണ് എ.കെ.അബൂട്ടി ഹാജിയുടെ ഫോണിൽനിന്ന് വനിത മെമ്പർമാർ അടക്കമുളള പാർട്ടിയുടെ പ്രധാനപ്പെട്ട ലീഗ് പ്രവർത്തകന്മാർ ഉൾപ്പെടുന്ന വാട്ട്സ്ആപ്പിലൂടെ അശ്ലീല വീഡിയോ പുറത്ത് വന്നത്. സോഷ്യൽ മീഡിയയിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇത് ചർച്ചയാവുകയും പ്രസിഡണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തു. ഇത് പ്രചരിപ്പിച്ചത് എ.കെ.മുസ്തഫയും പി.നൗഷാദുമാണെന്ന് ആരോപണമുയർത്തി ഏകപക്ഷീയമായി തെരഞ്ഞെടുത്ത തലശ്ശേരി മണ്ഡലം പ്രവർത്തക സമിതിയിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് പ്രമേയം പാസ്സാക്കുകയായിരുന്നു. ഇത് ജില്ല കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും എത്തിച്ചതിന്റെ ഫലമായാണ് എ.കെ.മുസ്തഫയും, പി.നൗഷാദിനുമെതിരെ നടപടിയെടുത്തത്. വളരെ ചെറുപ്പം മുതൽ മുസ്ലിംലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് പുറത്താക്കപ്പെട്ടവർ. അബൂട്ടി ഹാജിയുടെ വ്യക്തിപരമായ വിരോധം തീർക്കലാണിതെന്ന് പത്രസമ്മേളനത്തിൽ ആരോപണമുയർന്നു.
ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ ലത്തീഫും ഇതിന് കൂട്ടു നിന്നു. വിവിധ ശാഖകളിൽ സജീവമായി പ്രവർത്തിക്കുന്ന ആളുകളെ മാറ്റി നിർത്തി പാർട്ടിയുടെ കടിഞ്ഞാൺ ചില ആളുകളുടെ കൈയ്യിൽ മാത്രം ഒതുക്കി നിർത്താനാണ് ശ്രമമെന്ന് പുറത്താക്കപ്പെട്ടവർ പറഞ്ഞു. മുസ്ലിം ലീഗിന്റെ പ്രധാന പ്രവർത്തകന്മാർ പാർട്ടി പ്രവർത്തന രംഗത്ത് നിന്ന് മാറി നിൽക്കുമെന്നും ഇത്തരക്കാരുടെ കൂടെ നിന്ന് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ഇവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തലശ്ശേരിയിലെ ലീഗിലെ പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് സംസ്ഥാന-ജില്ലാ തലത്തിൽ പരാതി സമർപ്പിക്കാനും മുസ്തഫയെ അനുകൂലിക്കുന്ന വിഭാഗം നീക്കം ആരംഭിച്ചതായി അറിയിച്ചു. ഭാവി പരിപാടികൾ ആലോചിക്കാൻ അടുത്ത ദിവസം തന്നെ യോഗം വിളിച്ച് ചേർത്ത് വിമതർ പരമാവധി പേരുടെ പിൻതുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ്. ശക്തി തെളിയിക്കാൻ തലശ്ശേരി നഗരത്തിൽ പ്രകടനം നടത്താനും ഈ വിഭാഗം ശ്രമം നടത്തുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ ബഷീർ ടേസ്റ്റി, സക്കരിയ ഉമ്മൻചിറ, വി.വി അഷ്റഫ്, വി. സിറാജ്, എം.കെ റിയാസ്, നൗഷാദ് പൊന്നകം തുടങ്ങിയവർ പങ്കെടുത്തു. സസ്‌പെന്റ് ചെയ്തവരെ അനുകൂലിക്കുന്ന 25 ഓളം പേർ വാർത്താ സമ്മേളനം നടത്തുന്ന ഹാളിൽ ഇവരെ പിൻതുണ അറിയിക്കാനെത്തിയിരുന്നു.