ന്യൂദല്‍ഹി-പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചതിന് കേന്ദ്ര സര്‍ക്കാരില്‍നിന്നും ബി.ജെ.പി നേതാക്കളില്‍നിന്നും കടുത്ത വിമര്‍ശനം നേരിട്ട കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് കേസെടുക്കാന്‍ വെല്ലുവിളിച്ച് വീണ്ടും രംഗത്ത്.
ബി.ജെ.പി നേതാക്കള്‍ അപകടമെന്ന വാക്ക് ഉപയോഗിച്ചതിനുള്ള തെളിവുകള്‍ കൂടി മുന്നോട്ടുവെച്ചാണ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന. ഭീകരാക്രമണത്തെ വന്‍ അപകടമായി ഉത്തര്‍ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വിശേഷിപ്പിക്കുന്ന വിഡിയോ ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു.
മൗര്യാജിയെ കുറിച്ച് മോഡി ജിക്കും അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കും എന്തു പറയാനുണ്ട്? ഇതാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റ ചോദ്യം.
ആര്‍ക്കെങ്കിലും ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ അദ്ദേഹം വെല്ലവുളിച്ചു.
പുല്‍വാമ ആക്രമണത്തെ അപകടമെന്ന് ട്വീറ്റ് ചെയ്ത ദിഗ് വിജയ് സിംഗിനെതിരെ വന്‍ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കള്‍ നടത്തിയിരുന്നത്. അമേരിക്കയെ മാതൃകയാക്കി മോഡി സര്‍ക്കാര്‍ വ്യോമാക്രമണത്തിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നാണ് ദിഗ് വിജയ് സിംഗ് ആവശ്യപ്പെടുന്നത്.