ദമാം - ബിനാമി ബിസിനസ് കേസ് പ്രതിയായ പാക്കിസ്ഥാനിയെ നാടുകടത്തുന്നതിന് കോടതി വിധി. അൽകോബാറിൽ കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനം സ്വന്തം നിലക്ക് നടത്തിയ പാക്കിസ്ഥാനി അബ്ദുസ്സത്താർ ബിൻ മുഹമ്മദ് ഹനീഫ്, ഇതിനു വേണ്ട ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽവസാൻ എന്നിവർക്ക് ദമാം ക്രിമിനൽ കോടതി പിഴ ചുമത്തുകയും ചെയ്തു.
സ്ഥാപനം അടച്ചുപൂട്ടുന്നതിനും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും ലൈസൻസും റദ്ദാക്കുന്നതിനും വിധിയുണ്ട്.
പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് പാക്കിസ്ഥാനിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരനും കോടതി വിലക്കേർപ്പെടുത്തി.
ഇരുവരുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
അൽകോബാർ തുഖ്ബയിൽ പാക്കിസ്ഥാനി നടത്തുന്ന സ്ഥാപനം ബിനാമിയാണെന്ന് സംശയിക്കപ്പെടുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സൗദി പൗരന്റെ സഹായത്തോടെ സ്ഥാപനം പാക്കിസ്ഥാനി സ്വന്തം നിലക്ക് നടത്തുകയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു.