ലാഹോര്‍- ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ പാക്കിസ്ഥാനിലെ മന്ത്രിയെ പുറത്താക്കി. പഞ്ചാബ് പ്രവിശ്യയിലെ വാര്‍ത്താ വിതരണ, സാംസ്‌കാരിക വകുപ്പ് മന്ത്രി ഫയാസുല്‍ ഹസ്സന്‍ ചോഹനാണ് മന്ത്രിപദവി നഷ്ടമായത്. ആരുടേയെങ്കിലും വിശ്വാസത്തെ ഹനിക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ചൂണ്ടാക്കാട്ടിയാണ് പാക്കിസ്ഥാനിലെ ഭരണ കക്ഷിയായ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. സഹിഷ്ണുതയിലാണ് പാക്കിസ്ഥാന്‍ കെട്ടിപ്പടുത്തതെന്നും അതാണ് അസ്ഥിവാരമെന്നും പാര്‍ട്ടി ട്വീറ്റ് ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ ചോഹനെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് തന്റെ പരാമര്‍ശങ്ങളില്‍ ചോഹന്‍ രാവിലെ ക്ഷമ ചോദിച്ചിരുന്നു. സമാന പരാമര്‍ശങ്ങളില്‍ നേരത്തെ ചോഹന് താക്കീത് നല്‍കിയിരുന്നുവെന്നും പുതിയ പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ വിശദീകരണം ചോദിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.
കശ്മീരില്‍ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണെത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബന്ധം കൂടുതല്‍ വഷളായ സമയത്ത് ഈ മാസം 24-നായിരുന്നു പാക് മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഹിന്ദുക്കള്‍ പശുവിന്റെ മൂത്രം കുടിക്കുന്നവരാണെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞത്. ഹിന്ദുക്കളെ വിഗ്രഹാരാധകരും ഗോമൂത്രം കുടിക്കുന്നവരുമെന്ന് വിശേഷിപ്പിച്ച ഫയാസുല്‍ ഹസന്‍ ചോഹനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരന്ദ്ര മോഡിയേയും ബി.ജെ.പിയേയുമാണ് വിമര്‍ശിച്ചതെന്ന് മന്ത്രി വിശദീകരിച്ചെങ്കിലും പാര്‍ട്ടിക്ക് സ്വീകാര്യമായില്ല. പാക്കിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടേയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.