Sorry, you need to enable JavaScript to visit this website.

എന്‍.ഡി.എ ഘടകകക്ഷി  എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ എന്‍ഡിഎ ഘടകകക്ഷിയായ പഞ്ചാബിലെ ശിരോമണി അകാലിദള്‍(എസ്.എഡി) എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഫിറോസ്പൂര്‍ എം.പി ഷേര്‍ സിംഗ് ഗുബായയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഷേര്‍ സിംഗിന്റെ കോണ്‍ഗ്രസ് പ്രവേശനം.
ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എന്‍ഡിഎ മുന്നണിയെ പ്രതിരോധത്തിലാക്കിയാണ് ഷേര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തിങ്കളാഴ്ച്ച ശിരോമണി അകാലിദളിന്റെ അംഗത്വം അദ്ദേഹം രാജിവച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫിറോസ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഷേര്‍സിംഗ് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ എന്‍ഡിഎ മുന്നണി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്ന രണ്ടാമത്തെ എം.പിയാണ് ഷേര്‍സിംഗ്. ശനിയാഴ്ച പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള നേതാവായ സാവിത്രിഭായ് ഫൂലെയാണ് ബിജെപി അംഗത്വം രാജിവെച്ചിരുന്നു. 
ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് എം.പി സാവിത്രി ബായ് ഫൂലെയായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടേയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ കോണ്‍ഗ്രസ് പ്രവേശം.
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ കോണ്‍ഗ്രസുണ്ട്. ബി.ജെ.പിയുടെ ഭരണം നിര്‍ത്താന്‍ കഴിവുള്ള കോണ്‍ഗ്രസില്‍ ഞാന്‍ ശക്തയാവുമെന്നും സാവിത്രി ഫൂലെ പറഞ്ഞിരുന്നു. ദളിത് നേതാവായിരുന്ന ഫുലെ കഴിഞ്ഞ വര്‍ഷം ബി.ആര്‍ അംബേദ്കറുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. ഭരണകക്ഷിയായ ബിജെപി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നാരോപിച്ചായിരുന്നു ഫുലെയുടെ രാജി.

Latest News