ബാര്‍മര്‍- ഇന്ത്യാ-പാക്കിസ്ഥാന്‍ പ്രതിസന്ധി രൂക്ഷമായപ്പോള്‍ വലിയ ചര്‍ച്ചയായതാണ് ഇരു പക്ഷത്തുനിന്നുമുള്ള യുദ്ധമുറവിളികള്‍. മുന്‍കാല അനുഭവങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ സമാധാന മുറവിളികള്‍ക്ക് ശ്ബ്ദം കൂടിയതും ശ്രദ്ധേയമാണ്. എന്നാല്‍ ഈ മുറവിളികള്‍ക്കിടയില്‍ ജീവിതം തന്നെ മുട്ടിപ്പോകുന്ന ജനവിഭാഗമാണ് അതിര്‍ത്തി ഗ്രാമവാസികള്‍. ഇവരില്‍ ഒരാളാണ് രാജസ്ഥാനിലെ ബാര്‍മറില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖേജാദ് കാ പാര്‍ ഗ്രാമവാസിയായ മഹേന്ദ്ര സിങ്. അതിര്‍ത്തിക്കപ്പുറത്തെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉള്‍പ്പെട്ട അമര്‍കോട്ടിലെ സിനോയ് ഗ്രാമത്തില്‍ നിന്നുള്ള ചഗന്‍ കന്‍വറുമായി മഹേന്ദ്ര സിങിന്റെ വിവാഹം നിശ്ചയിച്ചതാണ്. വിവാഹ ചടങ്ങുകള്‍ക്കായി കുടുംബാംഗങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനിലേക്കു ശനിയാഴ്ച പുറപ്പെടാനായി ഥാര്‍ എക്‌സ്പ്രസിനു ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യാ-പാക് സംഘര്‍ഷാവസ്ഥ കാരണം ട്രെയ്ന്‍ സര്‍വീസ് മുടങ്ങിയതോടെ വിവാഹ ചടങ്ങും മുടങ്ങി. ഈ ട്രെയ്‌നിന്റെ പാക്കിസ്ഥാനിലെ സര്‍വീസ് മുടങ്ങിയിരിക്കുന്നതിനാലാണ് ഇവിടെ നിന്നും പുറപ്പെടാത്തതെന്ന് റെയില്‍വെ അധികൃതര്‍ അറിയിക്കുന്നു.
ഏതായാലും മാര്‍ച്ച് എട്ടിനു നടക്കേണ്ടിയിരുന്ന ഈ വിവാഹം ഇപ്പോള്‍ നീട്ടിവച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിന്റെ ഒരു അസുലഭ മുഹൂര്‍ത്തത്തിനായി അതിര്‍ത്തിക്കിപ്പുറത്ത് മഹേന്ദ്ര സിങിന്റെ കാത്തിരിപ്പ് നീളുകയാണ്. ഏറെ പാടുപെട്ടാണ് വീസ ലഭിച്ചതെന്നും മന്ത്രി ഗജേന്ദ്ര സിങ് ഇടപെട്ടത് സഹായകരമായെന്നും മഹേന്ദ്ര പറയുന്നു. അഞ്ചു പേര്‍ക്കു മാത്രമാണ് വിസ ലഭിച്ചിരുന്നത്. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ക്ഷണക്കത്തുകള്‍ ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. അതിനിടെയാണ് അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുകയും വിവാഹം മുടങ്ങുകയും ചെയ്തത്.