ന്യൂദൽഹി- ബി.ജെ.പിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പ്രചാരണം. ഇന്ന് രാവിലെ മുതൽ ബി.ജെ.പിയുടെ വെബ്‌സൈറ്റിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് പ്രചാരണമുണ്ടായത്. വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നുവെന്ന് നിരവധി പേർ സോഷ്യൽ മീഡിയ വഴി അഭിപ്രായപ്പെട്ടുവെങ്കിലും ഇതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. കോൺഗ്രസ് ട്വിറ്റർ മാനേജർ ദിവ്യ സ്പന്ദനയാണ് ബി.ജെ.പിയുടെ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നില്ലെന്ന കാര്യം ആദ്യം ട്വീറ്റ് ചെയ്തത്. സ്‌ക്രീൻഷോട്ട് സഹിതമായിരുന്നു ട്വീറ്റ്. മെയിന്റനൻസ് ജോലിയാണെന്നും ഉടൻ തിരിച്ചുവരുമെന്നുമുള്ള സന്ദേശം ഏതാനും സമയത്തിന് ശേഷം വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടു.