റിയാദ് - സൗദിവല്‍ക്കരിക്കുന്നതിന് ലക്ഷ്യമിട്ട പന്ത്രണ്ടു മേഖലകളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ ലഭ്യമാക്കുന്നതിനും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി ഏഴു കരാറുകള്‍ ഒപ്പുവെച്ചു. റിയാദ് ലിഖാആത് ഫോറത്തോനുബന്ധിച്ചാണ് തബൂക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ്, അല്‍ജൗഫ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഖുറയ്യാത് ചേംബര്‍ ഓഫ് കൊമേഴ്‌സ്, നജ്‌റാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ജിസാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, എനന്‍ജി എഫിഷ്യന്‍സി സെന്റര്‍ എന്നിവയുമായി മാനവശേഷി വികസന നിധി കരാറുകള്‍ ഒപ്പുവെച്ചത്. കരാറുകള്‍ പ്രകാരം വിവിധ പ്രവിശ്യകളിലെ ചേംബര്‍ ഓഫ് കൊമേഴ്‌സുകളുമായി ഏകോപനം നടത്തി സൗദി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനും തൊഴില്‍ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് മാനവശേഷി വികസന നിധി ധനസഹായം വിതരണം ചെയ്യും.