- ലക്ഷ്യം 15000 പേർക്ക് ജോലി
റിയാദ് - ഇൻഫർമേഷൻ ടെക്‌നോളജി, ടെലികോം മേഖലയിൽ സമ്പൂർണ സൗദിവത്കരണം നടപ്പാക്കാനുള്ള പദ്ധതികളുമായി തൊഴിൽ മന്ത്രാലയം രംഗത്ത്. 15000 സ്വദേശികൾക്ക് തൊഴിൽ ലക്ഷ്യമിട്ട് 2020 ന് മുമ്പ് മുപ്പത് പ്രൊഫഷനുകളാണ് തൊഴിൽ മന്ത്രാലയം സൗദിവത്കരിക്കാനുദ്ദേശിക്കുന്നത്.
സൗദി ചേംബർ ഓഫ് കൊമേഴ്‌സ്, കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റ് ഫണ്ടാ(ഹദഫ്)ണ് നൽകുന്നത്. ഈ മേഖലയിൽ ജോലി ചെയ്യാൻ താത്പര്യമുള്ള സ്വദേശികളിൽനിന്ന് അപേക്ഷകൾ സ്വീകരിച്ച് അവർക്ക് നിയമനം നൽകാനുള്ള നടപടികൾക്ക് ഹദഫ് നേതൃത്വം നൽകും.
ജനറൽ സിസ്റ്റം അനലിസ്റ്റ്, ഓപറേഷൻസ് അനലിസ്റ്റ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡാറ്റാബേസ് സൂപ്പർവൈസർ, ബിസിനസ് അനാലിസിസ് സ്‌പെഷ്യലിസ്റ്റ്, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സിസ്റ്റംസ് ഓപറേഷൻ സ്‌പെഷ്യലിസ്റ്റ്, നെറ്റ്‌വർക്ക് എഞ്ചിനീയർ, നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ സെന്റർ സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കൽ സപ്പോർട്ട് ഓഫീസ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കൽ സർവീസസ് സ്‌പെഷ്യലിസ്റ്റ്, ടെക്‌നിക്കൽ സപ്പോർട്ട് സ്‌പെഷ്യലിസ്റ്റ്, ഇൻഫർമേഷൻ ടെക്‌നോളജി പ്രൊജക്ട് മാനേജർ, പ്രോഗ്രാംസ് ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേറ്റർ, പ്രോഗ്രാംസ് എഞ്ചിനീയറിംഗ് സ്‌പെഷ്യലിസ്റ്റ്, ടെലികോം എഞ്ചിനീയർ, കമ്പ്യൂട്ടർ എഞ്ചിനീയർ, ഇലക്ട്രോണിക് കമ്പ്യൂട്ടർ ഓപറേറ്റർ, കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ, ടെക്‌നിക്കൽ സപ്പോർട്ട് ഓഫീസ് ടെക്‌നീഷ്യൻ, ജനറൽ ടെലികമ്മ്യൂണിക്കേഷൻസ് ടെക്‌നീഷ്യൻ, ടെലികോം ഇലക്ട്രോണിക് ടെക്‌നീഷ്യൻ, കമ്പ്യൂട്ടർ ടെക്‌നീഷ്യൻ, ടെലികോം എഞ്ചിനീയറിംഗ് ടെക്‌നീഷ്യൻ, കമ്പ്യൂട്ടർ ഓപറേറ്റർ, കമ്പ്യൂട്ടർ റിപ്പയറിംഗ്, ഇലക്ട്രോണിക് ടെക്‌നീഷ്യൻ, ജനറൽ ഇലക്ട്രിക് എഞ്ചിനീയർ എന്നീ പ്രൊഫഷനുകളാണ് സൗദിവത്കരിക്കുന്നത്. സ്വകാര്യമേഖലയിൽ നിലവിൽ ഈ പ്രൊഫഷനുകളിൽ വിദേശികളാണ് ജോലി ചെയ്തുവരുന്നത്.