കലാകാരന്മാരുടെ കളിത്തൊട്ടിലാണ് കൊച്ചി. കലാകാരന്മാരാൽ പുകൾപെറ്റ നഗരം. കൊച്ചി പള്ളിക്കരയിലെ സൈനബാസ് വീട്ടിലേക്ക് കയറുമ്പോൾ ഗൃഹനാഥൻ സിദ്ദീഖ് തിരിക്കിൽ തന്നെയായിരുന്നു. വിശ്രമമില്ലാതെ ഫോൺ കോളുകൾ. ചെന്നൈയിൽ അരവിന്ദ് സ്വാമി നായകനാവുന്ന തമിഴ് ചലച്ചിത്രം ഭാസ്‌കർ ദ റാസ്‌കലിന്റെ അവസാനവട്ട ഷൂട്ടിംഗ് തിരക്കിന്റെ ഇടവേളയിലാണ് സിദ്ദീഖ്. എങ്കിലും റമദാൻ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയപ്പോൾ സിദ്ദീഖ് വാചാലനായി. ഓർമകളിൽ പിതാവും വല്യുമ്മയും മാതാവും പ്രകാശം പരത്തി. അവർക്കിടയിൽ കുസൃതി നിറഞ്ഞ കുട്ടിയായി സിദ്ദീഖ് ഓടിക്കളിച്ചു.
വളരെ ചെറുപ്പത്തിൽ തന്നെ നോമ്പെടുക്കാൻ മറ്റേയുമ്മ (വാപ്പയുടെ ഉമ്മ) ശീലിപ്പിക്കുമായിരുന്നു. എറണാകുളം മുനവ്വറുൽ ഇസ്‌ലാം ഹൈസ്‌കൂളിലാണ് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിച്ചത്. കലൂർ മാർക്കറ്റിനുളളിലായി പ്രവർത്തിച്ചിരുന്ന സ്‌കൂൾ ഇന്നില്ല. ഒന്നാം ക്ലാസിൽ നോമ്പ് നോറ്റ് വരുന്ന ഏക കുട്ടി ഞാനായിരുന്നു. മെലിഞ്ഞ ഒന്നാം ക്ലാസുകാരനിലെ നോമ്പുകാരനെ മറ്റുള്ള കുട്ടികൾക്ക് സഹിക്കില്ല. ആയതിനാൽ എന്റെ നോമ്പ് മുറിയുന്നത് നോക്കി നിൽക്കലാണ് ഇന്റർവെൽ സമയത്ത് മറ്റു കുട്ടികളുടെ പ്രധാന വിനോദം. ഉമിനീര് ഇറക്കിയാൽ നോമ്പ് മുറിയുമെന്നാണ് കുട്ടികൾക്കിടയിലുള്ള വിശ്വാസം. ആയതിനാൽ കൂട്ടുകാർ എന്റെ തൊണ്ട അനങ്ങുന്നത് ശ്രദ്ധിക്കും. ഉമിനീര് ഇറങ്ങിപ്പോകുന്നത് കണ്ടാൽ അവർ അവന്റെ നോമ്പ് മുറിഞ്ഞെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് കളിയാക്കും. അത് വലിയ സങ്കടമാണ്. തൊണ്ട വറ്റി വീട്ടിലേക്ക് ഓടും.
കൂട്ടുകാരുടെ പരിഹാസം മറ്റേയുമ്മയോട് പറയും. അപ്പോൾ അവർ പറയും. നോമ്പ് മറ്റുള്ളവർ പറയുമ്പോൾ മുറിയുന്നതല്ല. പടച്ചവന് ബോധ്യമാകുന്നതാണെന്ന്. അധികം ക്ഷീണം വരുമ്പോൾ മുഖം കഴുകിയാൽ മതിയെന്ന് വല്യുമ്മ പറയും. മുഖം കഴുകുന്നതിനുളള സ്വാതന്ത്ര്യം വെച്ച് ആരുമറിയാതെ കുറച്ച് വെള്ളം കുടിക്കും. പിന്നീട് വീട്ടിൽ ഒന്നും അറിയാത്ത പോലെ നോമ്പുകാരനായി നിൽക്കും. അറിയാതെ വെള്ളം കുടിച്ചാൽ നോമ്പ് മുറിഞ്ഞു പോകില്ലെന്നാണ് മറ്റേയുമ്മ പറയാറുളളത്. ആയതിനാൽ മുഖം കഴുകുമ്പോൾ അറിയാതെ വെളളം തൊണ്ടയിലേക്ക് ഇറങ്ങിയാൽ നോമ്പ് നഷ്ടപ്പെടില്ലെന്നുള്ള വിശ്വാസത്തിൽ ഞാനും നിൽക്കും. പിൽക്കാലത്ത് നോമ്പ് ഒരു പ്രശ്‌നമില്ലാതെ ഒരു മാസം എടുക്കാൻ കഴിയുന്നത് ചെറുപ്പത്തിലുള്ള ഈ ശീലമാണ്.
നോമ്പ് കാലത്താണ് കുട്ടികളായ ഞങ്ങൾക്ക് രാത്രിയിൽ പുറത്തിറങ്ങാൻ കിട്ടുന്ന ഏക അവസരം. നോമ്പ് തുറ കഴിഞ്ഞാൽ പിന്നെ വാപ്പയുടെ കൂടെ പളളിയിലേക്ക് തറാവീഹ് നമസ്‌കരിക്കാൻ പോകും. വാപ്പ പള്ളി കമ്മിറ്റിയിൽ ഉൾപ്പെട്ടയാളും പൊതുപ്രവർത്തകനുമായിരുന്നു. ഇന്നും ഇസ്മായിൽ ഹാജിയുടെ മകൻ എന്ന നിലയിലാണ് ഞാൻ മഹല്ലിൽ അറിയപ്പെടുന്നത്.
എറണാകുളം സെൻട്രൽ ജുമാമസ്ജിദാണ് ഞങ്ങളുടെ മഹല്ല് പള്ളി. വാപ്പയേയും ഉമ്മയേയും അടക്കം ചെയ്തതും അവിടെയാണ്. ഞാൻ താമസിക്കുന്നത് മറ്റൊരിടത്താണെങ്കിലും മഹല്ല് മാറാൻ ഇത് വരെ തോന്നിയിട്ടില്ല. കൂട്ടുകാരായ ഉസ്മാൻ, സലാം എന്നിവരോടൊപ്പമാണ് തറാവീഹ് നമസ്‌കാരത്തിന് പോവുക. അവരുടെ വാപ്പമാരുമുണ്ടാകും. നിസ്‌കാരം തുടങ്ങിയാൽ പിറകിൽ നിൽക്കുന്ന കുട്ടികൾ മുങ്ങും. പിന്നെ ഇന്നത്തെ മറൈൻഡ്രൈവിനടുത്ത് പോയി കപ്പലണ്ടി വാങ്ങിത്തിന്നും. തറാവീഹ് നമസ്‌കാരം കഴിയാറാവുമ്പോൾ ഞങ്ങൾ പള്ളിയിലേക്ക് തന്നെ ഓടും. വാപ്പമാർ നിസ്‌കരിച്ച് കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾ പിറകിൽ ഹാജരായിട്ടുണ്ടാവും.
നോമ്പിന്റെയും പെരുന്നാളിന്റെയും മാസപ്പിറവി കാണുന്ന നേരവും കുട്ടിക്കാലത്ത് വല്ലാത്ത ആനന്ദമാണ്. മാസപ്പിറവി അറിയാൻ ആദ്യം പള്ളിയിലേക്ക് ഓടും. പള്ളിയിൽ ഖത്തീബും കാരണവന്മാരും കേരളത്തിൽ എവിടെയെങ്കിലും മാസപ്പിറവി ദൃശ്യമായിട്ടുണ്ടോ എന്ന് തിരക്കുകയായിരിക്കും. കുട്ടികളായ ഞങ്ങൾ പളളി ജനവാതിലിലൂടെ ഖത്തീബ് മാസപ്പിറവി പ്രഖ്യാപിക്കുന്നുണ്ടോയെന്ന് കേൾക്കാൻ അക്ഷമരായി നിൽക്കും. ഇന്നത്തെപ്പോലെ ഇലക്ട്രോണിക് മാധ്യമങ്ങൾ കുറവായതിനാൽ കാത്തിരിപ്പ് കൂടും. ഒടുവിൽ ഖത്തീബ് പ്രഖ്യാപിച്ചാൽ കുട്ടികളായ ഞങ്ങൾ വീട്ടിലേക്ക് ഓടും. മാസപ്പിറവി വഴിയിലുളളവരോടും കുടുംബങ്ങളോടും അറിയിച്ചാണ് ഓട്ടം. മാസപ്പിറവി ആദ്യം വിശ്വാസികളുടെ ചെവിയിലെത്തിക്കുന്നതിനാണ് ഞങ്ങളുടെ ഓട്ടം. അക്കാലത്തും ഇന്നും ഏറ്റവും കൂടുതൽ മാസപ്പിറവി കാണാറുളളത് കോഴിക്കോട് കാപ്പാട് കടപ്പുറത്താണ്. അന്ന് തൊട്ടുളള ആഗ്രഹമായിരുന്നു കാപ്പാട് കടപ്പുറം കാണുക എന്നുളളത്. പിന്നീട് ഗോഡ്ഫാദർ എന്ന സിനിമ ഷൂട്ട് ചെയ്യാനാണ് ഞാൻ കാപ്പാട്ട് എത്തിയതും ആദ്യം കാപ്പാട് കാണുന്നതും. കാപ്പാട്ട് ഷൂട്ട് ചെയ്ത സിനിമകൾ വിജയിക്കാറില്ലെന്നാണ് സിനിമാ വിശ്വാസം. എന്നാൽ കേരളം കണ്ട ഏറ്റവും വലിയ സിനിമ വിജയമായിരുന്നു ഗോഡ്ഫാദർ.
നോമ്പ് കാലത്ത് ഷൂട്ടിംഗ് സാധാരണ തുടങ്ങാറില്ല. എന്നാൽ ഷൂട്ടിംഗ് നീണ്ടുപോയതിനാൽ നോമ്പ് കാലത്ത് തുടരേണ്ടതായി വരും. നേരത്തെ മമ്മൂട്ടി നായകനായ ഹിറ്റ്‌ലർ എന്ന സിനിമയുടെ അവസാന ഭാഗം നോമ്പ് കാലത്തായിരുന്നു ഷൂട്ടിംഗ്. വ്രതമെടുത്തായിരിക്കും മമ്മൂക്കയുടെ വരവ്. മാത്രവുമല്ല നോമ്പ് തുറക്കുള്ള വിഭവങ്ങളും അദ്ദേഹം എത്തിക്കുമായിരുന്നു.
ഹിറ്റ്‌ലറിൽ സംഘട്ടന രംഗത്ത് പോലും മമ്മൂക്ക അഭിനയിച്ചത് നോമ്പെടുത്തിട്ടായിരുന്നു. ചെന്നൈയിൽ ഭാസ്‌കർ ദ റാസ്‌ക്കൽ ഷൂട്ടിംഗും നോമ്പ് കാലത്തേക്ക് നീണ്ടു. എങ്കിലും ചെറിയ പെരുന്നാളിന് കുടുംബത്തോടൊപ്പം കൂടണമെന്നാണ് ആഗ്രഹം.