Sorry, you need to enable JavaScript to visit this website.

അശ്ലീല സന്ദേശം പ്രചരിപ്പിച്ച ലീഗ് നേതാക്കൾ പുറത്ത്,  നേതൃത്വത്തിനെതിരെ പടപ്പുറപ്പാടുമായി വിമത വിഭാഗം

തലശ്ശേരി - മുസ്‌ലിം ലീഗ് നേതാവ് ഒരു വാട്‌സാപ്പ് ഗ്രൂപ്പിലയച്ച അശ്ലീല വീഡിയോ പ്രചരിപ്പിച്ച നേതാക്കളെ സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തു. തലശ്ശേരി മണ്ഡലം ലീഗ് കമ്മിറ്റി അംഗം എ.കെ. മുസ്തഫ, യൂത്ത് ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് നൗഷാദ് എന്നിവരെയാണ് ജില്ലാ കമ്മിറ്റിയുടെ ശുപാർശ പ്രകാരം സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തത്. ഇതോടെ തലശ്ശേരിയിലെ ലീഗിൽ നിലനിന്ന ചേരിപ്പോര് മറനീക്കി പുറത്തുവന്നു. സസ്‌പെന്റ് ചെയ്തവരെ അനുകൂലിക്കുന്ന വിഭാഗം, നേതൃത്വത്തിന്റെ നടപടിക്കെതിരെ പരസ്യ വിമർശനം ഉന്നയിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ വിമതർ വാർത്താ സമ്മേളനം വിളിക്കും. 
ജില്ലാ പ്രസിഡണ്ട് പി. കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇരുവർക്കുമെതിരെ നടപടിക്ക് സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തിരുന്നത്.
തലശ്ശേരി മണ്ഡലം ലീഗ് പ്രസിഡന്റ് എ.കെ. അബൂട്ടി ഹാജി, ലീഗ് യുവനിര നേതൃത്വം കൊടുക്കുന്ന തലശ്ശേരി ഗ്രീൻ വിംഗ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് നീല വീഡിയോ ക്ലിപ്പ് അയച്ചതോടെയാണ് പാർട്ടിയിൽ കലാപക്കൊടി ഉയർന്നത്. ഈ ക്ലിപ്പിംഗ് എ.കെ. മുസ്തഫയും നൗഷാദും വ്യാപകമായി പ്രചരിപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള പരാതി. എന്നാൽ ഈ ക്ലിപ്പിംഗിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ ചേർത്ത് പള്ളി മതിലിലടക്കം നോട്ടീസ് പതിച്ച ജില്ലാ കൺസിൽ അംഗം ഉൾപ്പെടെയുള്ളവരെയും അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത അബൂട്ടി ഹാജിക്കെതിരെയും നടപടിയെടുക്കാതെ ഇത് മൊബൈൽ ഫോണിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ മാത്രം നടപടിയെടുത്തത് എന്തിനാണെന്നാണ് വിമതരുടെ ചോദ്യം. അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകി വിവാദം കൊഴുപ്പിക്കാനാണ് അവരുടെ നീക്കം. ഇതിന്റെ ഭാഗമായി ഗ്രീൻ വിംഗ് ഗ്രൂപ്പിലെ ചില അംഗങ്ങളക്കൊണ്ട് അടുത്ത ദിവസം തന്നെ പോലീസിൽ പരാതി നൽകിക്കും. നേതൃത്വത്തിന്റെ തെറ്റായ നടപടിക്കെതിരെ ഒരു വിഭാഗം രഹസ്യ യോഗം ചേർന്ന് ഭാവി പരിപാടികൾ ആലോചിക്കുന്നുണ്ട്. ഇതിനുശേഷം വാർത്താ സമ്മേളനം നടത്തി മണ്ഡലം ലീഗ് നേതൃത്വത്തിന്റെ കൊള്ളരുതായ്മകളെ തുറന്ന് കാട്ടാനാണ് തീരുമാനം. 
സംസ്ഥാന നേതൃത്വം സംഭവത്തെ പറ്റി അന്വേഷണം നടത്താതെ നടപടിയെടുത്തതും വിവാദമായിട്ടുണ്ട്. ഈ കാര്യത്തിൽ അപ്പീൽ സമർപ്പിക്കാനും സസ്‌പെന്റ് ചെയ്തവർ തീരുമാനിച്ചു. ലീഗിൽനിന്ന് വിട്ടുപോകാതെ പാർട്ടി നേതൃത്വത്തിന്റെ വഴിവിട്ട പോക്കിനെ വിമർശിക്കാനാണ് എ.കെ മുസ്തഫയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ നീക്കം.
അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് മുസ്തഫയും, നൗഷാദുമാണെന്ന് ചൂണ്ടിക്കാട്ടി അബൂട്ടി ഹാജി ലീഗ് ജില്ലാ കമ്മിറ്റിക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഇരുവർക്കുമെതിരെ നടപടിക്ക് നേരത്തെ തലശ്ശേരി മണ്ഡലം കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇത് ജില്ലാ കമ്മിറ്റി അംഗീകരിച്ച് സംസ്ഥാന കമ്മറ്റിക്ക് വിടുകയായിരുന്നു. ഇവരെ സംസ്ഥാന കമ്മിറ്റി പുറത്താക്കിയതായി ചൂണ്ടിക്കാട്ടി പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ ഇന്നലെ വാർത്ത വന്നതോടെയാണ് വിമത വിഭാഗം ശക്തമായി പൊരുതാനുറച്ചത്. രാഷ്ട്രീയ എതിരാളികൾക്ക് ഇത് വടി നൽകുമെന്ന ഭയത്തിലാണ് ലീഗ് നേതൃത്വം. 
തലശ്ശേരി ലീഗിലെ തമ്മിലടി ഇതോടെ മറനീക്കി പുറത്ത് വന്നതോടെ തലശ്ശേരി സി.എച്ച് സെന്റർ പ്രവർത്തനത്തെക്കുറിച്ചും വിമത വിഭാഗം പരാതി ഉയർത്തി കഴിഞ്ഞു. സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ എത്തേണ്ട ലീഗ് ജില്ലാ നേതാവിനെ തഴഞ്ഞ് മറ്റൊരാൾക്ക് ഈ പദവി നൽകിയതും വിവാദമാക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ ലീഗിൽ ഉടലെടുത്ത തമ്മിലടി രൂക്ഷമായി മാറുകയാണ്. 

Latest News