മുംബൈ-ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 110 കോടി രൂപ സംഭാവന നല്‍കാനൊരുങ്ങി വ്യാപാരി.
നാല്‍പ്പത്തിനാലുകാരനായ മുര്‍ത്താസ എ ഹമീദാണ് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ കോട്ട സ്വദേശിയായ മുര്‍ത്താസ ജന്മനാ കാഴ്ചവൈകല്യമുള്ള വ്യക്തിയാണ്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംങ്ങള്‍ക്കു വേണ്ടി രൂപവത്കരിച്ച പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധിയിലേക്കാണ് സംഭാവന നല്‍കുക. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കൂടിക്കാഴ്ചയ്ക്ക് അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് മുര്‍ത്താസ ഇ- മെയില്‍ അയച്ചിട്ടുണ്ട്.
കോട്ട ഗവണ്‍മെന്റ് കൊമേഴ്‌സ് കോളേജില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ മുര്‍ത്താസ നിലവില്‍ ഗവേഷകനും ശാസ്ത്രജ്ഞനുമായി മുംബൈയില്‍ ജോലി നോക്കുകയാണ്.
തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ-മെയില്‍ മുഖാന്തരം അയക്കാന്‍ ദേശീയ ദുരിതാശ്വാസ നിധി ഡെപ്യൂട്ടി സെക്രട്ടറി അഗ്‌നി കുമാര്‍ ദാസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുര്‍ത്താസ പറഞ്ഞു.
താന്‍ കണ്ടുപിടിച്ച ഫ്യുവല്‍ ബേണ്‍ റേഡിയേഷന്‍ ടെക്‌നോളജി ഉപയോഗിച്ചിരുന്നെങ്കില്‍ പുല്‍വാമ പോലെയുളള ഭീകരാക്രമണങ്ങള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു.
ജിപിഎസ് സംവിധാനം പോലും ഇല്ലാതെ വാഹനങ്ങളും മറ്റ് വസ്തുക്കളും കണ്ടുപിടിക്കാനാവുന്ന സാങ്കേതിക വിദ്യയാണിത്. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി. സഹായം ആവശ്യമുളളവനെ സഹായിക്കാനും മാതൃരാജ്യത്തെ അതിരറ്റ സ്‌നേഹിക്കാനുളള ഹൃദയവുമാണ് ഒരുവന് വേണ്ടതെന്ന് മുര്‍ത്താസ പറയുന്നു.