പാലക്കാട്- ചൂട് നാല്‍പത് ഡിഗ്രിയിലേക്ക്, ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം പാലക്കാട് ജില്ലയില്‍ ഇക്കൊല്ലം ശരാശരിയേക്കാള്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനിടയുണ്ട്. ദുരന്ത നിവാരണ അഥോറിറ്റിയുടെ പഠനങ്ങളും അങ്ങനെത്തന്നെയാണ് പറയുന്നത്. അത്ര ആശങ്കാജനകമായ അവസ്ഥയൊന്നും ഇല്ലെങ്കിലും പാലക്കാട്ടെ താപനില ഇക്കുറി രണ്ട് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്നാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍സമയ താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മുഴുവന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പാലക്കാട്ടാണ് പ്രശ്‌നം രൂക്ഷമാകുകയെന്ന് അധികൃതര്‍ പറയുന്നു.
ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്നത്. സൂര്യതാപം ഒഴിവാക്കാന്‍ പകല്‍ പതിനൊന്നു മുതല്‍ മൂന്നു മണി വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ഭക്ഷണക്രമത്തിലും കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദിവസവും ശരാശരി എട്ട് ഗ്ലാസ് ശുദ്ധജലമെങ്കിലും കുടിക്കുക, നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഇടക്കിടെ വെള്ളം കുടിക്കുക, ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ കഴിക്കുക, മദ്യവും കഫീനും ഉള്‍പ്പെടെ നിര്‍ജ്ജലീകരണത്തിന് വഴിയൊരുക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുക, പുറത്ത് ജോലി ചെയ്യുന്നവര്‍ ഇടക്കിടെ വിശ്രമിക്കുക എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍. കാലാവസ്ഥക്ക് അനുയോജ്യമായ കട്ടി കുറഞ്ഞ അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്നാണ് അറിയിപ്പ്. വിഷയം കൈകാര്യം ചെയ്യുന്നതിന് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ദുരന്തം തടയുന്നതിന് ജില്ലാ ഭരണ കൂടവും വിപുലമായ ഒരുക്കമാണ് നടത്തിയിരിക്കുന്നത്. പകല്‍ 11നും മൂന്നിനും ഇടയില്‍ വെയിലത്ത് ജോലി ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ തൊഴിലുറപ്പ് ജോലി സമയത്തിലും അതിനനുസരിച്ച് ക്രമീകരണങ്ങള്‍ വരുത്തി.