Sorry, you need to enable JavaScript to visit this website.

ദയാബായിയെ വരെ തെറ്റിധരിപ്പിച്ചു, ഒതുക്കാന്‍ നോക്കി- കാന്തന്റെ സംവിധായകന് പറയാനുണ്ടേറെ

കണ്ണൂര്‍ - കാന്തന്‍: ദ് കളര്‍ ഓഫ് ലവ് എന്ന ചിത്രം കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമയാണെന്നും അത് പരിസ്ഥിതിയുടെയും അതിജീവനത്തിന്റെയും രാഷ്ട്രീയമാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ ഷരീഫ് ഈസയും തിരക്കഥാകൃത്ത് പ്രമോദ് കൂവേരിയും. ഇത്തവണ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ അണിയറ ശില്‍പികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ "മീറ്റ് ദ് ആര്‍ട്ടിസ്റ്റ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
രണ്ടു വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്. ഒട്ടനവധി പ്രതിബന്ധങ്ങളുണ്ടായി. ചിത്രം പൂര്‍ത്തിയാക്കപ്പെട്ട ശേഷം തിരസ്കാരങ്ങളും. രോഹിത് വെമുല എന്ന വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദളിത് സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഒരു ഹ്രസ്വ ചിത്രമൊരുക്കുക എന്ന ചിന്തയില്‍നിന്നാണ് കാന്തന്റെ തുടക്കം.
ഇതിന്റെ പഠനത്തിനായി വയനാട്ടിലെ ഒട്ടനവധി ആദിവാസി ഊരുകളില്‍ പല തവണ സന്ദര്‍ശനം നടത്തി. അവരെ അടുത്തറിഞ്ഞപ്പോഴാണ് ഈ സമൂഹം അനുഭവിക്കുന്ന ഭീതിദമായ പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ടറിഞ്ഞത്. തുടര്‍ന്ന് തിരക്കഥ തയാറാക്കി. ഈ സമയത്താണ് പ്രധാന കഥാപാത്രം സാമൂഹ്യ - പരിസ്ഥിതി പ്രവര്‍ത്തകയായ ദയാ ബായി അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായത്. എന്നാല്‍ ആദ്യം അവര്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. പിന്നീട് തിരക്കഥ വായിച്ചതോടെയാണ് അവര്‍ സിനിമയ്‌ക്കൊപ്പം നിന്നത്.
1,90,000 രൂപയുമായാണ് സിനിമ നിര്‍മിക്കാനിറങ്ങിയത്. പണമില്ലാത്തതിനാല്‍ പലപ്പോഴും ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. ഒടുവില്‍ പലരില്‍നിന്നും കടം വാങ്ങി 20 ലക്ഷം രൂപക്കാണ് സിനിമ പൂര്‍ത്തിയാക്കിയത്. ആദിവാസി ഊരുകളിലെ കുടിലുകളിലാണ് ദയാ ബായി അടക്കം താമസിച്ചത്. ചിത്രീകരണത്തില്‍ എല്ലാ ജോലികളും എല്ലാവരും ചേര്‍ന്നു പൂര്‍ത്തിയാക്കുകയായിരുന്നു.
സിനിമ പൂര്‍ത്തിയായ ശേഷം ഈ ചിത്രത്തെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നു സംഘടിത ശ്രമം നടന്നു. സിനിമയുടെ ആദ്യ പ്രദര്‍ശനം എറണാകുളത്തു നടന്നപ്പോള്‍ എം.കെ. സാനു മാഷ് അടക്കം നിരവധി പേര്‍ നല്ല അഭിപ്രായം പറഞ്ഞു. എന്നാല്‍ ഒരു പ്രമുഖ തിരക്കഥാകൃത്ത്, ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ച് ഷോട്ട് ഫിലിമാക്കണമെന്ന് നിര്‍ദേശിക്കുകയും വഴങ്ങാതെ വന്നപ്പോള്‍ ദയാ ബായിയെ അടക്കം പല തവണ വിളിച്ച് ഇക്കാര്യം അവതരിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന് പ്രവേശനം ലഭിക്കുകയും കേരള സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തതോടെയാണ് ദയാ ബായിയുടെ അടക്കം തെറ്റിദ്ധാരണ മാറിയത്.
കാന്തന്‍ എന്ന ചിത്രത്തെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കുമാര്‍ സാഹ്‌നി വളരെ നല്ല രീതിയിലാണ് വിലയിരുത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ തെറ്റിദ്ധാരണാജനകമായ വിധത്തിലാണ് വാര്‍ത്ത വന്നത്. ഈ മാസം മധ്യത്തില്‍ തിരുവനന്തപുരത്തു വരുമ്പോള്‍ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സമാന്തര സിനിമക്കു ദേശവും ഭാഷയുമില്ല. ഈ സിനിമ കാലത്തെ അതിജീവിക്കുന്നതാകണം എന്നതാണ് ആഗ്രഹം. അടുത്തു തന്നെ വിശപ്പ് പ്രധാന പ്രമേയമായി എലിയേട്ടന്‍ എന്ന സിനിമ ഒരുക്കുന്നുണ്ട് -അണിയറ ശില്‍പികള്‍ പറഞ്ഞു.
 

 

 

Latest News