റിയാദ് - ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിഷ്‌കരിച്ചു. പരിഷ്‌കരിച്ച മുസാനിദ് പോർട്ടൽ ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈൻ ഉദ്ഘാടനം ചെയ്തു. പരിഷ്‌കരിച്ച പോർട്ടലിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുകയും നേരത്തെയുണ്ടായിരുന്ന ചില സേവനങ്ങൾ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെങ്ങുമുള്ള റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും നൽകുന്ന സേവനങ്ങൾ പരിശോധിക്കുന്നതിനും ഏതു നഗരത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാതെ ലൈസൻസുള്ള ഏതു റിക്രൂട്ട്‌മെന്റ് ഓഫീസുമായും കമ്പനിയുമായും കരാർ ഒപ്പുവെക്കുന്നതിനും പരിഷ്‌കരിച്ച മുസാനിദ് പോർട്ടൽ ഉപയോക്താക്കളെ സഹായിക്കും.
ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഓഫീസുകളെയും കമ്പനികളെയും കണ്ടെത്തുന്നതിന് സഹായിക്കുന്ന ഇന്ററാക്ടീവ് സെർച്ച് സംവിധാനവും പരിഷ്‌കരിച്ച പോർട്ടലിലുണ്ട്. പ്രത്യേക രാജ്യത്തു നിന്ന് പ്രത്യേക വിഭാഗത്തിൽ പെട്ട തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ലഭ്യമായ ഓഫറുകൾ പരിശോധിക്കുന്നതിനും ലഭ്യമായ ഓഫറുകൾ തമ്മിൽ താരതമ്യം ചെയ്തു നോക്കുന്നതിനുമുള്ള സംവിധാനവും പോർട്ടലിലുണ്ട്. റിക്രൂട്ട്‌മെന്റ് പ്രക്രിയകൾക്കുള്ള ഏകീകൃത ഇ-കരാർ പരിഷ്‌കരിച്ചിട്ടുമുണ്ട്. പഴയ കരാറിലെ ചില്ല വിള്ളലുകൾ പരിഹരിച്ചും മൾട്ടിപ്പിൾ റിക്രൂട്ട്‌മെന്റ് ചോയ്‌സ് ഉൾപ്പെടുത്തിയുമാണ് ഇ-കരാർ പരിഷ്‌കരിച്ചിരിക്കുന്നത്.