Sorry, you need to enable JavaScript to visit this website.

ജെ.എൻ.യു ഹീറോ ജന്മനാട്ടിൽ മത്സരിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിക്കാൻ ആദ്യം ധൈര്യം കാട്ടുകയും ജവാഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയുടെ കാമ്പസിൽ നിന്ന് മതേതര മനസ്സിലേക്ക് ചേക്കേറുകയും ചെയ്ത വിദ്യാർഥി നേതാവ് കനയ്യ കുമാർ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക്. ജന്മനാടായ ബിഹാറിലെ ബെഗുസരായിയിൽ നിന്നായിരിക്കും കനയ്യ പാർലമെന്റിലേക്ക് മത്സരിക്കുക. ബിഹാറിലെ ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തോട് നാല് സീറ്റ് ചോദിക്കാനാണ് സി.പി.ഐ ആലോചിക്കുന്നത്. സഖ്യമുണ്ടായാലും ഇല്ലെങ്കിലും കനയ്യയെ ബെഗുസരായിയിൽ മത്സരിപ്പിക്കുമെന്ന് സി.പി.ഐ പ്രഖ്യാപിച്ചു. 
ഈയിടെ ലാലു പ്രസാദ് യാദവിനെ സന്ദർശിച്ച സി.പി.ഐ നേതാവ് ഡി. രാജയാണ് ബിഹാറിൽ നാലു സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ചത്. ബെഗുസരായിക്കു പുറമെ ഖഗാരിയ, മധുബനി, ബങ്ക, മോതിഹരി, ഗയ സീറ്റുകളിൽ ചിലതിലാണ് സി.പി.ഐ കണ്ണുവെച്ചിരിക്കുന്നത്. 
കനയ്യയുടെ പേര് സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ടെന്നും അത് അംഗീകരിക്കപ്പെടാനാണ് സാധ്യതയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി സത്യനാരായൺ സിംഗ് പറഞ്ഞു. അടുത്തയാഴ്ച സി.പി.ഐ ദേശീയ നേതൃത്വം യോഗം ചേരുന്നുണ്ട്. ഖഗാരിയയിൽ സത്യനാരായൺ സിംഗ്, ബങ്കയിൽ സഞ്ജയ്കുമാർ, മധുബനിയിൽ രാംനരേശ് പാണ്ഡെ, മോതിഹരിയിൽ ശാലിനി എന്നിവരെയും പാർട്ടി കണ്ടുവെച്ചിട്ടുണ്ട്. 
ബിഹാറിലെ ഇടതുമുന്നണി ശക്തികേന്ദ്രമാണ് ബെഗുസരായ്. ഭൂമിഹാർ സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശമാണ് ഇത്. ആദ്യം കമ്യൂണിസ്റ്റും പിന്നീട് കോൺഗ്രസുമായിരുന്ന ഭോലാ സിംഗാണ് 2014 ൽ ബി.ജെ.പി ടിക്കറ്റിൽ ഇവിടെ നിന്ന് ജയിച്ചത്. സി.പി.ഐ സ്ഥാനാർഥി രാജേന്ദ്ര പ്രസാദ് സിംഗ് മൂന്നാം സ്ഥാനത്തായിരുന്നു. 
കനയ്യ കുമാറിനെ ബെഗുസരായിയിൽ മത്സരിപ്പിക്കുന്നതിന് കോൺഗ്രസ് അനുകൂലമാണ്. എന്നാൽ ആർ.ജെ.ഡിക്ക് ഈ മണ്ഡലത്തിൽ നോട്ടമുണ്ട്. 2004 ലും 2009 ലും ജനതാദൾ യുനൈറ്റഡ് ജയിച്ച മണ്ഡലമാണ് ഇത്. 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ട് വിമർശിക്കാൻ ആരും ധൈര്യപ്പെടാത്ത കാലത്ത് അതിന് മുതിർന്ന വിദ്യാർഥി നേതാവാണ് കനയ്യ കുമാർ. ജെ.എൻ.യുവിൽ കനയ്യയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. സി.പി.ഐയുടെ വിദ്യാർഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ പ്രവർത്തകനാണ് കനയ്യ. കനയ്യയും ഉമർ ഖാലിദും അനിർഭൻ ഭട്ടാചാര്യയും 2016 ൽ ദേശവിരുദ്ധ പ്രവർത്തനം ആരോപിക്കപ്പെട്ട് ജയിലിലായിരുന്നു. തെളിവില്ലാതെ മൂവരെയും ജാമ്യത്തിൽ വിടുകയായിരുന്നു. 2016 ഫെബ്രുവരിയിൽ ജെ.എൻ.യുവിൽ മൂവരും ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു ആരോപണം. ചില വ്യാജ വീഡിയോകൾ ഉപയോഗിച്ച് ടി.വി ചാനലുകൾ നടത്തിയ പ്രചാരണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ജെ.എൻ.യുവിൽ കനയ്യ നടത്തിയ ആസാദി പ്രസംഗം വൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈയിടെ പുറത്തിറങ്ങിയ ഗള്ളി ബോയ് എന്ന ബോളിവുഡ് സിനിമയിൽ ആസാദി ഗാനം ഉപയോഗിച്ചിട്ടുണ്ട്. 

Latest News