പുൽവാമ ഭീകരാക്രമണത്തിനു ശേഷം ജമ്മു കശ്മീർ വിറങ്ങലിച്ചു നിൽക്കുകയാണ്. യുദ്ധഭീതിയിലാണ് സംസ്ഥാനം. ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ലാത്ത ജമ്മു കശ്മീരിൽ മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമോയെന്നു തന്നെ വ്യക്തമല്ല. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനായിരുന്നു നേരത്തെ നീക്കം. പുൽവാമ ഭീകരാക്രമണം സംസ്ഥാനത്തെ വർഗീയാന്തരീക്ഷം വഷളാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പേരിൽ ജമ്മുവിൽ വലിയ അക്രമസംഭവങ്ങൾ അരങ്ങേറി. ജമ്മുവും കശ്മീരുമായി വേർതിരിഞ്ഞു നിൽക്കുകയാണ് സംസ്ഥാനം. 2014 ലും താഴവരക്കു പുറത്തുള്ള മൂന്നു മണ്ഡലങ്ങൾ ബി.ജെ.പിയാണ് നേടിയത് -ജമ്മുവും ഉദ്ധംപൂരും ലഡാക്കും. താഴ്‌വരയിലെ മൂന്നു മണ്ഡലങ്ങൾ പി.ഡി.പി സ്വന്തമാക്കി. നിലവിൽ പി.ഡി.പിക്ക് ഒരു സീറ്റേയുള്ളൂ. ശ്രീനഗർ ഉപതെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ് ടിക്കറ്റിൽ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ജയിച്ചു. മഹ്ബൂബ മുഫ്തി രാജി വെച്ച ശേഷം അനന്തനാഗിൽ ഉപതെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
മഹബൂബ മുഫ്തിയുടെ പി.ഡി. പിയും ബി.ജെപിയും ചേർന്നുള്ള ഭരണം സംസ്ഥാനത്തിന് പുതിയ പ്രതീക്ഷകൾ നൽകിയിരുന്നു. എന്നാൽ സ്ഥിതിഗതികൾ വഷളാക്കിയാണ് ആ സഖ്യം അവസാനിച്ചതും സംസ്ഥാനം വീണ്ടും ഗവർണർ ഭരണത്തിലേക്ക് പോയതും. കശ്മീരിൽ ഇത്തവണ നാഷനൽ കോൺഫറൻസും കോൺഗ്രസും ഒരുമിച്ചു മത്സരിക്കുമെന്നായിരുന്നു കരുതിയത്. പക്ഷെ മൂന്നു സീറ്റിൽ കോൺഗ്രസുമായി ആലോചിക്കാതെ നാഷനൽ കോൺഫറൻസ് (എൻ.സി) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അതിനാൽ സംസ്ഥാനത്ത് ഇലക്ഷൻ നടക്കുകയാണെങ്കിൽ ചതുഷ്‌കോണ മത്സരത്തിനാണ് സാധ്യത.
കോൺഗ്രസുമായി സഖ്യ ചർച്ചകൾക്കു കാത്തുനിൽക്കാതെ താഴ്‌വരയിലെ രണ്ടു സീറ്റിലും ജമ്മുവിലുമാണ് നാഷനൽ കോൺഫറൻസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആകെ ആറ് സീറ്റുകളാണ് സംസ്ഥാനത്ത്. കോൺഗ്രസിന് താൽപര്യമുണ്ടെങ്കിൽ മറ്റു മൂന്നു സീറ്റുകളിൽ ചർച്ചയാവാമെന്ന നിലപാടിലാണ് എൻ.സി.
ജമ്മു-പൂഞ്ച് ലോക്‌സഭാ സീറ്റിൽ അവർ ബി.ആർ. കുണ്ടലാണ് എൻ.സി സ്ഥാനാർഥി. കോൺഗ്രസിന്റെ മുൻ മന്ത്രിയും സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിയുമാണ് കുണ്ടൽ. 2004 മുതൽ 2014 വരെ കോൺഗ്രസായിരുന്നു ഇവിടെ ജയിച്ചത്. എന്നാൽ 2014 ൽ ജുഗൽ കിഷോറിലൂടെ ബി.ജെ.പി സീറ്റ് പിടിച്ചെടുത്തു.
ബാരാമുല്ല ലോക്‌സഭാ സീറ്റിൽ അക്ബർ ലോണിനെ നാഷനൽ കോൺഫറൻസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറിൽ മത്സരിപ്പിക്കാനാണ് സാധ്യത.
നാഷനൽ കോൺഫറൻസ് നേരത്തെ യു.പി.എയുടെ ഭാഗമായിരുന്നു. ഇത്തവണ പ്രതിപക്ഷ കൂട്ടായ്മകളിലെല്ലാം ഫാറൂഖ് അബ്ദുല്ല പ്രതിനിധിയായി പങ്കെടുക്കുന്നുണ്ട്.
ജമ്മു മേഖലയിൽ പാക് ആക്രമണങ്ങളുടെ പേരിൽ ബി.ജെ.പിക്കെതിരെ പ്രതിഷേധം അലയടിക്കുന്നുണ്ട്. അതിന് തണുപ്പിക്കാനും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമുള്ള പുതിയ ആയുധമാണ് അതിർത്തി ജില്ലക്കാർക്കായി ജമ്മു കശ്മീർ ഗവർണർ പ്രഖ്യാപിച്ച മൂന്നു ശതമാനം സംവരണം. സംസ്ഥാന സർക്കാർ ജോലിയിലായിരിക്കും രാജ്യാന്തര അതിർത്തിയോട് ചേർന്ന ജില്ലകളിലുള്ളവർക്ക് സംവരണം കിട്ടുക. ഗവർണർ സത്യപാൽ മാലികിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് കൗൺസിലാണ് സംവരണം പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ വരുന്നതു വരെ കാത്തുനിൽക്കാതെ ഇത്തരം സുപ്രധാന നയതീരുമാനങ്ങളെടുക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
ജമ്മുവിലെ സാംബ, കതുവ ജില്ലകളിലുള്ളവർക്കായിരിക്കും സംവരണത്തിന്റെ ആനുകൂല്യം. അതിർത്തിയിലുള്ള കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലുവർക്കും ലഡാക്ക് സ്വദേശികൾക്കും നേരത്തെ സംവരണം ഏർപ്പെടുത്തിയിരുന്നു.
അതിർത്തി ജില്ലകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുന്നതാണ് പുതിയ തീരുമാനമെന്ന് ഗവർണർ പറയുന്നു. എന്നാൽ എല്ലാ അർഥത്തിലും പരാജയപ്പെട്ട ബി.ജെ.പി പാക്കിസ്ഥാൻ ആക്രമണത്തിന്റെ ദുരിതം പേറുന്ന അതിർത്തി ജില്ലക്കാരുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് ജമ്മു കശ്മീർ കോൺഗ്രസ് വക്താവ് രവീന്ദർ ശർമ കുറ്റപ്പെടുത്തി.