ജാംഗനഗര്‍- ഗുജറാത്തിലെ ജാംനഗറില്‍ പുതുതായി പണിത ഒരു ആശുപത്രി സമുച്ചയം ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നാക്കു പിഴച്ചു കൊച്ചി എന്നത് പാക്കിസ്ഥാനിലെ കറാച്ചിയായി. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരത ആരോഗ്യ പദ്ധതിയുടെ ഗുണങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നാക്കുപിഴ.
ഈ പദ്ധതി പ്രകാരം ഒരു ജാംനഗര്‍ സ്വദേശി ഭോപാലില്‍ വച്ച് അസുഖബാധിതനായാല്‍ ചികിത്സയ്ക്ക് തിരിച്ച് ജാംനഗറിലേക്ക് വരേണ്ട. ആയുഷ്മാന്‍ ഭാരത് ഗുണഭോക്താവിന്റെ കാര്‍ഡ് കാണിച്ചാല്‍ കൊല്‍ക്കത്തയിലോ കറാച്ചിയിലോ രാജ്യത്ത് എവിടെയും സൗജന്യ ചികിത്സ ലഭിക്കും- എന്നാണ് മോഡി പറഞ്ഞത്. നാക്കുപിഴ തിരിച്ചറിഞ്ഞ ഉടന്‍ അതു തിരുത്തുകയും ചെയ്തു. ഈയിടെയായി മനസ്സില്‍ നിറയെ പാക്കിസ്ഥാനായത് കൊണ്ടാണ് കൊച്ചി കറാച്ചി ആയിപ്പോയതെന്ന് മോഡി പറഞ്ഞു. എന്നാല്‍ അതും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാംനഗറിലെ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയുടെ 750 കിടക്കകളുള്ള പുതിയ സമുച്ചയം ഉല്‍ഘാടനം ചെയ്യുകയായിരുന്നു മോഡി.