ഇസ്ലാമബാദ്: ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമായ മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍. മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന വിശദീകരണവുമായി ജെയ്‌ഷെ മുഹമ്മദിന്റെ പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്. മസൂദിന്റെ മരണം സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ പ്രസ്താവനയെ ആധാരമാക്കിയാണ് പാക് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മസൂദ് അസര്‍ മരിച്ചെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും മാധ്യങ്ങള്‍ പുറത്തുവിട്ടു. മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്ന വിവരം വെളിപ്പെടുത്തിയതെന്നും ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച ഉച്ചയോടെയാണ് ജെയ്‌ഷെ നേതാവ് മസൂദ് അസര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. കടുത്ത വൃക്കാരോഗിയായ അസര്‍ മരിച്ചതായി വ്യക്തമാക്കുന്ന ചില ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. ചില റിപ്പോര്‍ട്ടുകളില്‍ വ്യോമാക്രമണം മൂലം നേരിട്ട കനത്ത പരിക്കാണ് മണത്തിലേയ്ക്ക് നയിച്ചതെന്നും പറഞ്ഞിരുന്നു.
എന്നാല്‍ മസൂദിന്റെ മരണം സംബന്ധിച്ച് യാതൊരു വാര്‍ത്തകളും പാക് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. മസൂദ് അസര്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്നും ഗുരുതരാവസ്ഥയിലായ അദ്ദേഹം ചികിത്സയിലാനെന്നുമാണ് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അല്‍ ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മസൂദ് അസര്‍. 1993 മുതലാണ് ബിന്‍ ലാദനും അസറും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതില്‍ അസര്‍ മുന്നിട്ടിറങ്ങിയിരുന്നു. 1999ല്‍ മസൂദ് അസറിനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് ഭീകരര്‍ ഖാണ്ഡഹാറില്‍ ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിയത്. യാത്രക്കാരുടെ ജീവന്‍ വച്ച വിലപേശിയപ്പോള്‍ മസൂദ് അസറിനെയും ഒപ്പം രണ്ട് ഭീകരരെയും അന്നത്തെ വാജ്‌പേയ് സര്‍ക്കാരിന് മോചിപ്പിക്കേണ്ടി വന്നിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ചാവേര്‍ ആക്രമണം നടത്തിയതിന് പിന്നിലും ജയ്‌ഷെ മുഹമ്മദ് ആയിരുന്നു.