ന്യൂയോര്‍ക്ക്: അമേരിക്കയിലെ അലബാമയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അലബാമയിലെ ലീ കൗണ്ടി മേഖലയില്‍ ഞായറാഴ്ചയാണ് അതിശക്തമായ ടോര്‍നാഡോ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോസ്ഥന്‍ ജെയ് ജോണ്‍സ് പറഞ്ഞു.
ഇരുട്ടത്തുള്ള രക്ഷാപ്രവര്‍ത്തനം കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ താല്‍കാലികമായി നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ കരുതലോടെ സുരക്ഷിതമായിരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ട്വീറ്റ് ചെയ്തു. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് ടോര്‍നാഡോ വീശിയടിച്ചതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ 35,000 വീടുകളിലേക്കുള്ള വൈദ്യുതബന്ധം താറുമാറായി.
മരങ്ങള്‍ കടപുഴകി വീണ് നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസമുണ്ടാകുകയും എണ്ണമറ്റ കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. അലബാമയ്ക്കു പുറമേ, ജോര്‍ജിയ, ഫ്‌ളോറിഡ, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനത്തിനുള്ള സാധ്യത ഇനിയുമുണ്ടെന്നും ആളുകള്‍ കൂടുതല്‍ കരുതലോടെയിരിക്കണമെന്നും അലബാമ ഗവര്‍ണര്‍ കേ ഐവെ ട്വീറ്റ് ചെയ്തു.