മഞ്ചേരി- കരുളായി സ്വദേശിയായ യുവാവിന് ജിന്ന് ചികിത്സയുടെ പേരില്‍ മരുന്നുകള്‍ നിഷേധിച്ചതായി ആരോപണം.
കരുളായി കൊളപ്പറ്റ ഫിറോസ് (38) കഴിഞ്ഞ ദിവസമാണ് ലിവര്‍ സിറോസിസ് ബാധിച്ച് മരിച്ചത്. 25 ദിവസത്തോളം മരുന്നു കഴിക്കാന്‍ അനുവദിക്കാതെ മന്ത്രവാദികള്‍ തന്നെ തടവിലാക്കിയെന്ന് ഫിറോസ് പറയുന്ന ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.
ലിവര്‍ സിറോസിസിനു മരുന്നു കഴിച്ചുകൊണ്ടിരുന്ന തന്നെ ഇരുപത്തഞ്ച് ഇരുപത്താറുദിവസം പുറം ലോകവുമായി ബന്ധപ്പെടാനോ ആരോടെങ്കിലും സംസാരിക്കാനോപോലും അനുവദിച്ചില്ലെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കുടിക്കാനനുവദിച്ചില്ലെന്നും സര്‍ എന്നു അഭിസംബോധന ചെയ്യുന്ന ഓഡിയോയില്‍ പറയുന്നു. ഫിറോസ് അവസാനമായി പോലീസ് ഉദ്യോഗസ്ഥനായ സുഹൃത്തിനയച്ച സന്ദേശമാണിതെന്നും പറയുന്നു.
ആയുര്‍വേദ മരുന്ന് കഴിച്ചിരുന്ന സമയത്താണ് മന്ത്രവാദികള്‍ കുടുംബങ്ങളെ സ്വാധീനിച്ചതെന്നും വയറിനുള്ളില്‍ ഗണപതിയാണ്, പൂജാരിയാണ് അല്ലാതെ ഇതൊരു അസുഖമല്ല എന്നാണ് അവര്‍ പറഞ്ഞിരുന്നത്. അതിനെ കൊന്നെങ്കിലേ അസുഖം മാറൂ. 25 ദിവസത്തോളം ക്രൂരമായ ചികിത്സാരീതികളായിരുന്നു കേന്ദ്രത്തില്‍. തീരെ വയ്യാതായിട്ടും ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് കുടിക്കാന്‍ അനുവദിച്ചില്ല. ഈ മരുന്നുകള്‍ മുസ്ലിംകള്‍ക്ക് കഴിക്കാന്‍ പാടില്ലെന്ന് വിശ്വസിപ്പിച്ചു.
ഇതോടെ ശരീരം ആകെ തളര്‍ന്നു. ഭക്ഷണം കഴിക്കാന്‍ കഴിയാതെയായി. ദിവസം ചികിത്സയ്ക്ക് 10000 രൂപയാണ് ഇവര്‍ വാങ്ങിയിരുന്നത്. കുടുംബത്തോട് എത്ര വാങ്ങിയെന്ന് അറിയില്ല. അവിടെനിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് വീണ്ടും അവിടെ നിര്‍ത്തി. ഫിറോസ് എന്ന പേര് ഒരിക്കല്‍പ്പോലും വിളിക്കാന്‍ കൂട്ടാക്കാതെ ശെയ്ത്താന്‍ എന്നാണ് അവര്‍ വിളിച്ചിരുന്നത്. ഇനിയൊരാളെയും ഇവര്‍ വഞ്ചിക്കരുത്. ഇവര്‍ക്കെതിരെ ശക്തമായ എന്തെങ്കിലും നടപടികള്‍ ഉണ്ടാകണം- വോയ്സ് ക്ലിപ്പില്‍ പറയുന്നു.