ലുധിയാന- പഞ്ചാബിലെ ലുധിയാനക്കടുത്തുള്ള ലാഡോവര്‍ ടോല്‍ പ്ലാസയിലെ ജീവനക്കാര്‍ യാചന നടത്തിയ ബാലനെ പിടികൂടി മരത്തില്‍ കെട്ടിയിടുകയും പണം കവരുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് ചര്‍ച്ചയായത്. ടോള്‍ പ്ലാസയിലെത്തുന്ന വാഹനങ്ങള്‍ക്കു പിന്നാലെ പാഞ്ഞതിനാണ് അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന കുട്ടിയെ മരത്തില്‍ കെട്ടിയിട്ടതെന്ന് ജീവനക്കാരനായ രാഹുല്‍ ഇതു ചോദ്യം ചെയ്യാനെത്തിയവരോട് പറഞ്ഞു. കുട്ടിയെ മരത്തില്‍ കെട്ടിയിട്ടതു കണ്ട ഏതാനും ഡ്രൈവര്‍മാര്‍ ഇടപെട്ടാണ് ടോള്‍ പ്ലാസ അധികൃതരെ വിവരമറിയിച്ചതും കുട്ടിയെ രക്ഷിച്ചതുമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യാചന നടത്തി ലഭിച്ച പണവും കുട്ടിയുടെ പക്കല്‍ നിന്ന് ടോള്‍ പ്ലാസ ജീവനക്കാര്‍ കവര്‍ന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പോലീസിനു പരാതി ലഭിച്ചാല്‍ കുറ്റക്കാരായ ടോള്‍ പ്ലാസ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലുധിയാന ഡിസിപി ഗഗന്‍ അജിത് സിങ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിഡിയോ പരിശോധിച്ചു വരികയാണെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.