Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ എൻ.എസ്.ജി അംഗത്വം; പിന്തുണ നൽകില്ലെന്ന് ചൈന

ബീജിംഗ്- ന്യൂക്ലിയർ സപ്ലൈ ഗ്രൂപ്പിൽ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് വിലുങ്ങുതടി തീർക്കുന്ന ചൈന, തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തില്ലെന്ന് ആവർത്തിച്ചു. ഇന്ത്യയടക്കം ആണവ നിർവ്യാപന കരാറിൽ ഒപ്പുവെച്ചിട്ടില്ലാത്ത രാജ്യങ്ങൾക്കെല്ലാം ബാധകമായതും വിവേചന രഹിതവുമായ പൊതു മാനദണ്ഡമാവണം എൻ.എസ്.ജി അംഗത്വത്തിന് സ്വീകരിക്കേണ്ടതെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി ലി ഹുയിലായി മാധ്യമ പ്രവർത്തകരോട് പഞ്ഞു.
പുതിയ സാഹചര്യത്തിൽ പുതിയ അംഗത്വം മുമ്പ് കരുതിയതിനേക്കാൾ സങ്കീർണമാണെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, പുതിയ സാഹചര്യം എന്താണെന്നോ സങ്കീർണതകൾ എന്തൊക്കെയാണെന്നോ വിശദീകരിച്ചില്ല.
പാക്കിസ്ഥാനും എൻ.എസ്.ജി അംഗത്വത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. പാക്കിസ്ഥാന് അംഗത്വം നൽകണമെന്ന് ചൈന ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യക്ക് അംഗത്വം നൽകിയാൽ പാക്കിസ്ഥാനും നൽകണമെന്നാണ് അവരുടെ ഇംഗിതം. 
എൻ.പി.ടിയിൽ ഒപ്പിടാത്ത രാജ്യങ്ങൾക്ക് അംഗത്വം നൽകുന്നത് രണ്ട് ഘട്ടമായുള്ള പരിഗണനക്കു ശേഷമായിരിക്കണമെന്നാണ് ചൈന അഭിപ്രായപ്പെടുന്നത്. ആദ്യം എൻ.പി.ടിയിൽ ഒപ്പിടാത്ത രാജ്യങ്ങൾക്കുവേണ്ടി പൊതു മാനദണ്ഡം സ്വീകരിക്കുക. രണ്ടാമത് ഓരോ രാജ്യത്തിന്റെയും അപേക്ഷ പ്രത്യേക കേസായി പരിഗണിക്കുക. ഈ മാസം സ്വിറ്റ്‌സർലാന്റിൽ നടക്കുന്ന എൻ.എസ്.ജി പ്ലീനറി സമ്മേളനത്തിലും ഇന്ത്യയുടെ അംഗത്വത്തിന് ചൈന തടസ്സം നിൽക്കുമെന്ന് ഇതോടെ ഉറപ്പായി. 
അതിനിടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ചൈനക്ക് താൽപര്യമെന്നും ലി പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി ഇരു രാജ്യങ്ങളും തമ്മിലള്ള ബന്ധം വേഗത്തിലും സുദൃഢമായും മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ കസാഖിസ്ഥാൻ തലസ്ഥാനമായ അസ്താനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് പങ്കെടുക്കുന്നതിനെക്കുറിച്ച് വിശദീകരിക്കാനായിരുന്നു പത്രസമ്മേളനം. 
എസ്.സി.ഒയിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും പുതിയ അംഗങ്ങളായി ഉൾപ്പെടുത്തുന്നു എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രത്യേകത. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, പാക് പ്രധാനമന്ത്രി നവാസ് ശരീഫും ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റുമായി മോഡി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.

Latest News