ലഖ്‌നൗ- കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി ആരോപിച്ചു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തങ്ങളുടെ പരാജയം മറച്ചുവെക്കാന്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ഉപയോഗിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനവും സുരക്ഷയും ഭദ്രമായ കരങ്ങളിലല്ലെന്ന് ജനങ്ങള്‍ക്ക് തോന്നി തുടങ്ങിയതായും അവര്‍ പറഞ്ഞു. കശ്മീരിലെ ഭീകരാക്രമണങ്ങളില്‍ രാജ്യം ആശങ്കയിലാണെന്നും മായാവതി ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മായാവതി പറഞ്ഞു.
ഈ മാസം 14-ന് പുല്‍വാമയിലും മറ്റുമായി കൊല്ലപ്പെട്ട സുരക്ഷാ സൈനികര്‍ക്ക് അവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളോടൊപ്പം നില്‍ക്കണമെന്നും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും മായാവതി ജനങ്ങളെ ആഹ്വാനം ചെയ്തു. സൈനികരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ യഥാസമയം പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കി ഒരു രാജ്യത്തിനും ഭീഷണിപ്പെടുത്താന്‍ അവസരം നല്‍കരുതെന്നും മായാവതി പറഞ്ഞു.