Sorry, you need to enable JavaScript to visit this website.

യുദ്ധമുറവിളി കൂട്ടുന്നവരോടാണ് കൊല്ലപ്പെട്ട വ്യോമസേനാ പൈലറ്റിന്റെ ഭാര്യയ്ക്കു പറയാനുള്ളത്; ഇതു കേള്‍ക്കൂ- Video

നാസിക്- ഇന്ത്യാ-പാക്കിസ്ഥാന്‍ സംഘര്‍ഷാവസ്ഥ ആളിക്കത്തിച്ച് യുദ്ധത്തിനായി സമൂഹ മാധ്യമങ്ങളില്‍ മുറവിളി കൂട്ടുന്നവരോട് കൊല്ലപ്പെട്ട ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റിന്റെ ഭാര്യ നല്‍കിയ സന്ദേശം വൈറലായി. ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വ്യോമ സേനാ ഓഫീസര്‍ സ്‌ക്വാഡ്രന്‍ ലീഡര്‍ നിനാദ് മന്ദവ്ഗനെയുടെ ഭാര്യ വിജേത പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ കയ്യടി നേടിയത്. വെള്ളിയാഴ്ച നിനാദിന്റെ സൈനിക ബഹുമതികളോടെയുള്ള സംസ്‌ക്കാര ചടങ്ങുകള്‍ക്കു ശേഷമാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വിജേത ഇങ്ങനെ പറഞ്ഞത്: 

'സോഷ്യല്‍ മീഡിയയിലും ടിവിയിലും പലതും നടക്കുന്നു. മാധ്യമങ്ങള്‍ ഉത്തരവാദിത്തതോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ അങ്ങനെയല്ല. നിങ്ങള്‍ മുദ്രാവാക്യം മുഴക്കുകയാണ്. ചിലര്‍ക്ക് സിന്ദാബാദും ചിലര്‍ക്ക് മുര്‍ദാബാദും വിളിക്കുന്നു. അവരെ അടിക്കൂ ഇവനെ വെട്ടൂ എന്നൊക്കെയാണ് മുറിവിളികള്‍. ഇതിനു പകരം നിങ്ങള്‍ ശരിക്കും ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍, എന്റെ നിനാദിനു വേണ്ടി, വിങ് കമാന്‍ഡര്‍ അഭിനന്ദനു വേണ്ടി, ബാക്കി ജീവന്‍ ബലിനല്‍കിയ എല്ലാവര്‍ക്കും വേണ്ടി ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ചെറിയൊരു കാര്യം ചെയ്യുക. നിങ്ങള്‍ സ്വയം സൈന്യത്തില്‍ ചേരുകയോ അല്ലെങ്കില്‍ കുടുംബാംഗങ്ങളെ സൈന്യത്തില്‍ ചേര്‍ക്കുകയോ ചെയ്യുക. ഇതിനു നിങ്ങള്‍ക്കു കഴിയില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം നിങ്ങള്‍ക്കു ചുറ്റുപാടിലും ചെറിയ മാറ്റങ്ങള്‍ കൊണ്ടു വന്ന് രാജ്യത്തെ സഹായിക്കാം. നിങ്ങള്‍ക്ക് പരിസരം വൃത്തിയാക്കാം. റോഡുകളിലെ മാലിന്യം നീക്കാം. പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കാതിരിക്കാം. പെണ്‍കുട്ടികളെ പീഡിപ്പാക്കാതിരിക്കാം. വര്‍ഗീയ വിദ്വേഷം പരത്താതിരിക്കുക. വര്‍ഗീയ അനിഷ്ടങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക.' ഈ മാറ്റങ്ങള്‍ക്കു തയാറായാല്‍ എന്റെ ഭര്‍ത്താവിന് ശാന്തമായി അന്തിയുറങ്ങാനാകുമെന്നും വിജേത പറഞ്ഞു.

Latest News