കൊല്ലം- കൊല്ലം ചിതറ വളവുപച്ചയിൽ സി.പി.എം പ്രവർത്തകൻ ബഷീർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് കുടുംബം. മരച്ചീനി വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബഷീറിന്റെ സഹോദരി അഫ്താ ബീവി പറഞ്ഞു. മരച്ചീനി എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് പ്രതി അക്രമിച്ചതെന്നും അഫ്താബീവി പറഞ്ഞു. ബഷീറിനും പ്രതി ഷാജഹാൻ അക്രമിച്ചത്. ഇരുവർക്കും തമ്മിൽ രാഷ്ട്രീയ വൈരാഗ്യമില്ലായിരുന്നുവെന്നും സഹോദരി വ്യക്തമാക്കി.
പ്രതി ഷാജഹാനും ബഷീറും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നില്ലെന്ന് മറ്റു ബന്ധു റജീനയും പറഞ്ഞു.
ഇരട്ടപ്പേര് വിളിച്ച് ഷാജഹാൻ കളിയാക്കിയത് ബഷീർ ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ബഷീർ ഷാജഹാനെ കല്ലെറിഞ്ഞു. പിന്നീട് ഷാജഹാൻ ബഷീറിനെ കുത്തിക്കൊല്ലുകയായിരുന്നു. ഒൻപത് കുത്താണ് ബഷീറിനേറ്റത്. അവിവാഹിതനായ ബഷീർ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
അതേസമയം, ചിതറയിലേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുമെല്ലാം ബഷീറിനെ രാഷ്ട്രീയവിരോധം വെച്ച് കുത്തിക്കൊന്നുവെന്നാണ് ആരോപിക്കുന്നത്.