വിജയപുര- ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധമുറിവിളി കൂട്ടുന്നതിന് ബിജെപി പ്രവര്‍ത്തകരേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കര്‍ണാടകയിലെ ഒരു എഞ്ചിനീയറിങ് കോളെജ് അധ്യാപകനെ സംഘപരിവാര്‍ പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും ചേര്‍ന്ന് കാല്‍ക്കല്‍ വീഴ്ത്തി മാപ്പു പറയിച്ചു. ഇന്ത്യാ-പാക് പ്രതിസന്ധിയുടെ പേരില്‍ രാജ്യത്ത് യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനെതിനെതിരെയാണ് ഡോ. പി.ജി ഹളകട്ടി കോളെഡ് ഓഫ് എന്‍ജീയറിങിലെ സിവില്‍ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സന്ദീപ് വാത്തര്‍ വെള്ളിയാഴ്ച വൈകുന്നേരം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെ പിന്തുണച്ചുവെന്നാരോപിച്ച് ശനിയാഴ്ചയാണ് സംഘപരിവാരുകാര്‍ അധ്യാപകനുനേരെ അതിക്രമം നടത്തിയത്. ഈ പ്രതിസന്ധി രൂക്ഷമായി ലക്ഷക്കണക്കിനു ജീവനുകള്‍ നശിപ്പിക്കപ്പെടുകയാണെങ്കില്‍ അതിനു കാരണക്കാര്‍ ബിജെപിക്കാരായിരിക്കുമെന്നായിരുന്നു അധ്യാപകന്റെ ഒരു പോസ്റ്റ്.
ഈ പോസ്റ്റ് ദേശവിരുദ്ധമാണെന്നും അധ്യാപകന്‍ മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച കോളെജിനു മുന്നില്‍ എബിവിപിക്കാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിന്നീട് വൈറാലായ ഒരു വിഡിയോയിലാണ് അധ്യാപകനെ പിടികൂടി മാപ്പുപറയിക്കുന്ന ദൃശ്യം പുറത്തു വന്നത്. പ്രതിഷേധക്കാര്‍ അധ്യാപകനെ കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് കോളെജ് അധികൃതരോട് സംഘപരിവാറുകാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ABVP forces Karnataka lecturer to kneel, apologise for abusing BJP, praising Imran Khan in "anti national" social media post, while police look on in college run by Congress home minister. Police chief: whatever happened was wrong but can't act without complaint! #NewIndia pic.twitter.com/GgQBFakwBm
— Samar Halarnkar (@samar11) March 3, 2019
കര്‍ണാടക ആഭ്യന്തര മന്ത്രി എം.ബി പാട്ടീലിന്റെ ഉടമസ്ഥതയിലുള്ള ബിജാപൂര്‍ ലിങ്കായത്ത് ഡെവലപ്‌മെന്റ് എജുക്കേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കോളെജാണിത്. അധ്യാപകനെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നും അവധി ദിവസങ്ങള്‍ക്കു ശേഷം ചൊവ്വാഴ്ച കോളെജ് തുറക്കുമ്പോള്‍ തീരുമാനം ഉണ്ടാകുമെന്നും പ്രിന്‍സിപ്പാല്‍ പ്രൊഫസര്‍ വി.പി ഹഗ്ഗി പറഞ്ഞു. അധ്യാപകനെ വിളിച്ചിട്ടു ലൈനില്‍ കിട്ടുന്നില്ലെന്നും അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്നും പ്രിന്‍സിപ്പാല്‍ പറഞ്ഞു.