Sorry, you need to enable JavaScript to visit this website.

കൊല്ലത്തേത് രാഷ്ട്രീയകൊലപാതകം തന്നെയെന്ന് കോടിയേരി

ന്യൂദൽഹി- കൊല്ലം ജില്ലയിലെ  ചിതറ പഞ്ചായത്തിലെ വളവുപച്ചയിൽ സി.പി.എം പ്രവർത്തകൻ എ.എം ബഷീറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദൽഹിയിലാണ് കോടിയേരി ഇക്കാര്യം ആരോപിച്ചത്. കാസർക്കോട് ഇരട്ടക്കൊലക്ക് പ്രതികാരം ചെയ്യുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കൊലയ്ക്ക് പകരം സി.പി.എം തിരിച്ചടിക്കില്ലെന്നും കോൺഗ്രസിന് വേണ്ടി കൊലയാളി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു. 
കോൺഗ്രസ് ക്രിമിനലാണ് ബഷീറിനെ കുത്തിക്കൊന്നത്. കാസർക്കോട് സംഭവത്തിൽ തിരിച്ചടിക്കുമെന്ന് കോൺഗ്രസിന്റെ പല നേതാക്കളും ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലത്ത് അവരുടെ ആ ഭീഷണി യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ഒരു ഭാഗത്ത് ഗാന്ധിസത്തിന്റെ വക്താക്കളാണെന്ന് അവകാശപ്പെടുകയും സമാധാനത്തിനായി മുറവിളി കൂട്ടുകയും ചെയ്യുന്ന കോൺഗ്രസ്, മറുഭാഗത്ത് കൊലക്കത്തി മിനുക്കി കേരളത്തിൽ ചോരപ്പുഴയൊഴുക്കാൻ ശ്രമിക്കയാണ്. ഇതാണോ സമാധാനം?
സഖാവ് ബഷീറിന്റെ കൊലപാതകത്തിന് പിറകിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇനിയും ഈ നാട്ടിൽ കൊലപാതകം അരുത്.
കോൺഗ്രസ് പാർട്ടി നടത്തിയ ഈ നരഹത്യയെ ചൊല്ലി ഒരു പാർട്ടി പ്രവർത്തകൻ പോലും പ്രകോപിതനാവരുത്. 
കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനും സംഘർഷം ഉണ്ടാക്കാനുമുള്ള ശ്രമങ്ങൾ കോൺഗ്രസിന്റെ ഭാഗത്തുനിന്നുമുണ്ടാവാൻ സാധ്യതയുണ്ട്. പാർട്ടി പ്രവർത്തകർ അതിൽ വീണുപോവരുതെന്നും കോടിയേരി നേരത്തെ പറഞ്ഞിരുന്നു.
 

Latest News